ജോലിക്ക് പോയ ഡോക്ടര്‍മാര്‍ക്ക് പോലിസ് മര്‍ദനം: പ്രതിഷേധവുമായി കെജിഎംഒഎ

കാസര്‍ഗോഡ് ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ പോലിസിന്റെ നടപടി ആത്മാര്‍ഥമായി ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോര്‍ത്തുന്നതുമാണ്.

Update: 2020-03-26 15:13 GMT

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശുപത്രിയിലേക്കും ഡിഎംഒ ഓഫിസ് ഉള്‍പ്പടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്കും ജോലിക്കുപോവുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും തടയുകയും മര്‍ദിക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ശക്തിയായി പ്രതിഷേധിച്ചു.

ആശുപത്രിയില്‍ പോവുന്ന ജീവനക്കാരെ തടഞ്ഞുകൊണ്ട് പോലിസുകാര്‍ കൊറോണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാവുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ബദിയടുക്ക സിഎച്ച്‌സിയിലെ ഡോ. അരവിന്ദനെ വിദ്യാനഗര്‍ ബിസി റോഡില്‍വച്ച് പോലിസുകാര്‍ തടയുകയും മര്‍ദിക്കുകയും ചെയ്തു. ഇത് തീര്‍ത്തും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.

കാസര്‍ഗോഡ് ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ പോലിസിന്റെ നടപടി ആത്മാര്‍ഥമായി ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോര്‍ത്തുന്നതുമാണ്. ഈ സംഭവത്തില്‍ ഉത്തരവാദിയായ പോലിസ് ഓഫിസറിനെതിരേ കര്‍ശനമായ നടപടിയുണ്ടാവണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.  

Tags:    

Similar News