പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കല്‍: സമയപരിധി നാളെ വരെ നീട്ടി നല്‍കി ഹൈക്കോടതി

സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ താമസിക്കുന്ന സാഹചര്യത്തില്‍ പ്രവേശനം നീട്ടണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്

Update: 2022-07-21 07:24 GMT

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിനായുളള അപേക്ഷ സര്‍പ്പിക്കാനുള്ള സമയപരിധി നാളെവരെ നീട്ടി നല്‍കി ഹൈക്കോടതി.സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ താമസിക്കുന്ന സാഹചര്യത്തില്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നാളെ വരെ സമയം നീട്ടി നല്‍കിയത്.ഇന്ന് ഉച്ചവരെയാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നേരത്തെ നീട്ടി നല്‍കിയിരുന്നത്.ഇനിയും നീട്ടി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഒരു മാസമായി പ്രവേശനത്തിനായി കാത്തിരിക്കുകയാണ്. ഇനിയും ക്ലാസ് തുടങ്ങാന്‍ വൈകിയാല്‍ അധ്യായന വര്‍ഷം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്നതിന് ബുദ്ധിമുട്ടാകും.സിബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമല്ലെന്നും ഹരജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ടെന്ന് സിബി എസ്ഇക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി നാളെ വരെ ഹൈക്കോടതി നീട്ടി നല്‍കിയത്.ഹരജി നാളെ വീണ്ടും കോടതി പരിഗണിക്കും

Tags: