ശബരിമല: നിലപാടില്‍ മാറ്റമില്ല, വിശ്വാസികള്‍ക്കൊപ്പം- പിണറായി

വിശ്വാസത്തിന്റെ അട്ടിപ്പേറവകാശികളായി നിന്ന ചിലര്‍ ഞങ്ങളെ വിശ്വാസികള്‍ക്ക് എതിരായി തിരിയുന്നവരാക്കി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രചരണം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നു. ആ പ്രചരണത്തെ നേരിടുന്നതില്‍ വേണ്ടത്ര ജാഗ്രത തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായില്ല.

Update: 2019-08-29 06:11 GMT

തിരുവനനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും സുപ്രിം കോടതി വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

''എല്ലാ കാലത്തും ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്നത് പാര്‍ട്ടി വേദികളില്‍ തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. ശബരിമല പ്രശ്നം നിലനില്‍ക്കുന്ന സമയത്ത് തന്നെ കേരളത്തിലെ വിവിധയിടങ്ങളില്‍ വലിയ റാലി നടന്നിരുന്നു. ആ റാലികള്‍ അഭിസംബോധന ചെയ്ത് സംസാരിച്ച ആളായിരുന്നു ഞാന്‍. അത് പരിശോധിച്ചാല്‍ മതി. ''ഈ കൂടിയിരിക്കുന്ന ആളുകളില്‍ മഹാഭൂരിപക്ഷം വിശ്വാസികളാണ്. ഞങ്ങള്‍ വിശ്വാസികള്‍ക്ക് എതിരല്ല. വിശ്വാസികള്‍ കൂടി അണിനിരന്ന പാര്‍ട്ടിയാണ് ഇത്. മുന്നണിയും അങ്ങനെ തന്നെ. വിശ്വാസികള്‍ക്ക് എതിരല്ല''- എന്നായിരുന്നു ആവര്‍ത്തിച്ച് പറഞ്ഞത്.

എന്നാല്‍ ഈ വിശ്വാസത്തിന്റെ അട്ടിപ്പേറവകാശികളായി നിന്ന ചിലര്‍ ഞങ്ങളെ വിശ്വാസികള്‍ക്ക് എതിരായി തിരിയുന്നവരാക്കി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രചരണം തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുവന്നു. ആ പ്രചരണത്തെ നേരിടുന്നതില്‍ വേണ്ടത്ര ജാഗ്രത തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഉണ്ടായില്ല. ശബരിമല വിഷയം എന്താണ് എന്ന കാമ്പയിനിലേക്ക് ഞങ്ങള്‍ സ്വയം പോയിരുന്നില്ല. അതാണ് ഞങ്ങള്‍ സ്വയം വിമര്‍ശനപരമായി കണ്ടത്. ഞങ്ങള്‍ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി എന്ന് കാണുകയല്ല ചെയ്തത്. സ്വയം വിമര്‍ശനം നടത്തിയപ്പോള്‍ ചിലര്‍ ധരിച്ചു ഞങ്ങള്‍ എന്തോ പാതകം ചെയ്തെന്നും തെറ്റ് സമ്മതിക്കുകയുമാണെന്ന്. അങ്ങനെ ഒരു കാര്യവുമില്ല. സംഭവിച്ച് ഇതാണെന്നും പിണറായി വ്യക്തമാക്കി.

ശബരിമലയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഇനി ഒരു പ്രചരണവും നടത്താനില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇവിടെ നിയമം കൊണ്ടുവരുമെന്നും നിയമപരിരക്ഷ ഉറപ്പുവരുത്തുമെന്നും പറഞ്ഞ ചിലരുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രവക്താക്കള്‍ തന്നെ ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ കഴിയില്ല എന്ന് പരസ്യമായി പറഞ്ഞു. അങ്ങനെ വരുമ്പോള്‍ അവരെ വിശ്വസിച്ച ആളുകളെ വഞ്ചിക്കുകയല്ലേ ചെയ്തത്.

നമ്മുടെ രാജ്യത്ത് ഭരണഘടന അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയു. ഭരണഘടന പൊളിച്ച് എഴുതണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഭരണഘടന നിലനില്‍ക്കുകയല്ലേ. അതിനനുസരിച്ചല്ലേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. സുപ്രീം കോടതി വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ബി.ജെ.പി നേതാക്കളും മന്ത്രിമാരും പറഞ്ഞുകഴിഞ്ഞു. നേരത്തെ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായാണ് അവര്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് പ്രത്യേക ക്ഷീണമൊന്നും സംഭവിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

Tags:    

Similar News