പെരിയ കൊലപാതകം: ഉത്തരവിട്ടിട്ടും അന്വേഷണം സിബിഐക്ക് കൈമാറത്തതില്‍ ഡിജിപിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ കേസ് കൈമാറുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നു നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി വിമര്‍ശനമുണ്ടായത്.കേസിന്റെ അന്വേഷണം എത്രയും പെട്ടന്ന് സിബി ഐക്ക് കൈമാറണമെന്ന് മനസിലായില്ലേയെന്നും കോടതി ചോദിച്ചു.കേസ് ഡയറി കൈമാറാത്ത സര്‍ക്കാര്‍ നടപടിയെ കോടതി ചോദ്യം ചെയ്തു. കൂടുതല്‍ സമയം ആവശ്യമായിരുന്നുവെങ്കില്‍ സമയം ആവശ്യപ്പെട്ട് ഡിജിപി ഈ കോടതിയെ സമീപിക്കണമായിരുന്നു. ഇതു ഡിജിപിയുടെയും പോലിസിന്റെയും കൃത്യവിലോപമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Update: 2019-10-23 13:36 GMT

കൊച്ചി: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ ഉത്തരവിട്ടിട്ടും കോടതി നിര്‍ദ്ദേശം പാലിക്കാത്ത സംസ്ഥാന പോലിസ് മേധാവിക്കും പോലിസിനും ഹൈക്കോടതിയുടെ വിമര്‍ശനം. കൊല്ലപ്പെട്ട ശരത് ലാലിന്റൊയും കൃപേഷിന്റെയും മാതാപിതാക്കള്‍ കേസ് കൈമാറുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നു അഡ്വ. ടി ആസഫലി മുഖേന നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി വിമര്‍ശനമുണ്ടായത്. കോടതിവിധി നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കൊച്ചി യൂനിറ്റ് മേധാവി, സംസ്ഥാന പോലിസ് മേധാവി എന്നിവരെ എതികക്ഷികളാക്കിയാണ് കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചത്.കേസ് ഫയല്‍ എത്രയും പെട്ടെന്നു തന്നെ സിബിഐ ക്ക് നല്‍കണമെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

എത്രയും പെട്ടെന്നു നല്‍കണമെന്നു മനസിലായില്ലേയെന്നു കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. അപ്പീല്‍ സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു എന്നിട്ടും ഉത്തരവില്‍ സ്റ്റേയൊ മറ്റു നടപടിയൊ ഇല്ലാത്ത സാഹചര്യത്തില്‍ കേസ് ഡയറി കൈമാറാത്ത സര്‍ക്കാര്‍ നടപടിയെ കോടതി ചോദ്യം ചെയ്തു. കൂടുതല്‍ സമയം ആവശ്യമായിരുന്നുവെങ്കില്‍ സമയം ആവശ്യപ്പെട്ട് ഡിജിപി ഈ കോടതിയെ സമീപിക്കണമായിരുന്നു. ഇതു ഡിജിപിയുടെയും പോലിസിന്റെയും കൃത്യവിലോപമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനു കേസ് ഡയറി കൈമാറണമെന്നാവശ്യപ്പെട്ടു നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനും സംസ്ഥാന ഡിജിപിക്കും കത്തു നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിനു യാതൊരു മറുപടിയും നല്‍കിയില്ലെന്നു സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഹരജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Similar News