പ്രളയത്തിനു കാരണം 'ബ്ലാക്ക്' മണിയെന്ന് പീതാംബരക്കുറുപ്പ്; കക്ഷിക്ക് 'ബാക്ക്' ആണ് പഥ്യമെന്ന് എം എം മണി

പീതാംബരക്കുറുപ്പിന്റെ മോശം പ്രയോഗത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്

Update: 2019-03-26 09:12 GMT

ആലപ്പുഴ: പ്രളയത്തിനു കാരണം 'ബ്ലാക്ക്' മണിയാണെന്നു പറഞ്ഞ് വൈദ്യുതി മന്ത്രി എം എം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പിനു കുറിക്കു കൊള്ളുന്ന മറുപടിയുമായി എം എം മണി. 'കക്ഷിക്ക് 'ബ്ലാക്ക്' പണ്ടേ പഥ്യമല്ല, 'ബാക്ക്' ആണ് പഥ്യം' എന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് കുറുപ്പിനു മറുപടി കൊടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ആറ്റിങ്ങല്‍ മണ്ഡലത്തിലെ നെടുമങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് കണ്‍വന്‍ഷനിടെയാണ് മന്ത്രി എം എം മണിക്കെതിരേ മുന്‍ എംപി കൂടിയായ പീതാംബര കുറുപ്പ് അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്. പ്രളയത്തിനു കാരണക്കാര്‍ സര്‍ക്കാരാണെന്ന് പറയുന്നതിനിടെയായിരുന്നു മന്ത്രി മണിക്കെതിരായ പരാമര്‍ശം. കെപിസിസി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് പരാമര്‍ശം. 2013 നവംബര്‍ ഒന്നിന് കൊല്ലത്ത് നടന്ന വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രശസ്ത നടിയോട് സ്ഥലം എംപി കൂടിയായിരുന്ന പീതാംബരകുറുപ്പ് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. പരാതി നല്‍കുമെന്ന് പറഞ്ഞ നടിയോട് ഒടുവില്‍ മാപ്പ് പറഞ്ഞാണ് വിവാദം അവസാനിപ്പിച്ചത്. ഈ സംഭവത്തെ ഓര്‍മിപ്പിച്ചാണ് എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വഴിയുള്ള ട്രോളുകള്‍ നേരത്തെയും വലിയ ശ്രദ്ധ നേടിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോവുന്നതിനെ ട്രോളിക്കൊണ്ട്, അവസാനം പോവുന്നവര്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നും വൈദ്യുതി അമൂല്യമാണെന്നും സേവ് ഇലക്ട്രിസിറ്റി എന്നുമുള്ള പോസ്റ്റ് ഏറെ രസകരമായിരുന്നു. മാത്രമല്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതിനെതിരേയും ട്രോളുമായി എം എം മണി രംഗത്തെത്തിയിരുന്നു. ഏതായാലും പീതാംബരക്കുറുപ്പിന്റെ മോശം പ്രയോഗത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.




Tags:    

Similar News