പരപ്പനങ്ങാടി എകെജി ആശുപത്രി ജപ്തിചെയ്യാനുള്ള ഉത്തരവ് ഇന്ന് നടപ്പാക്കും

സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എകെജി ആശുപത്രി വാടക ഇനത്തില്‍ ഭീമമായ തുക കുടിശ്ശിക വരുത്തിയിരുന്നു.

Update: 2020-03-20 03:15 GMT

പരപ്പനങ്ങാടി: സിപിഎം നിയന്ത്രണത്തിലുള്ള എകെജി ആശുപത്രി ജപ്തിചെയ്യാനുള്ള ഹൈക്കോടതി ഉത്തരവ് ഇന്ന് നടപ്പാക്കും. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എകെജി ആശുപത്രി വാടക ഇനത്തില്‍ ഭീമമായ തുക കുടിശ്ശിക വരുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഉടമ താപ്പി അബ്ദുള്ളക്കുട്ടി ഹാജി നിരന്തരം ആശുപത്രി അധികൃതരെ സമീപിച്ചു. പ്രശ്‌ന പരിഹാരം കാണത്തതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് കോടതിയെ സമീപിക്കുകയായിരുന്നു.

ഉടമക്ക് അനുകൂലമായി കോടതി വിധി വന്നതിനെ തുടര്‍ന്ന് ആശുപത്രി മാനേജ്‌മെന്റ് ഹൈകോടതിയെ സമീപിച്ച് കീഴ് കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വാടക ഇനത്തില്‍ നല്‍കാനുള്ള 65 ലക്ഷം രൂപ നല്‍കാനും പ്രശ്‌ന പരിഹാരം കാണാനും നിര്‍ദേശിച്ചായിരുന്നു കീഴ്‌കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും വാടക കുടിശ്ശിക നല്‍കിയില്ലന്ന് കാണിച്ച് ഉടമ ഇപ്പോള്‍ വീണ്ടും ഹൈകോടതിയെ സമീപിക്കുകയും ജപ്തി ചെയ്യാനുള്ള നടപടി തുടരാന്‍ പരപ്പനങ്ങാടി മുന്‍സിഫ് കോടതിയോട് നിര്‍ദ്ധേശിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പരപ്പനങ്ങാടി മുന്‍സീഫ് രമ്യകൃഷ്ണന്‍ ഇന്ന് 10.30 ന് ജപ്തി ചെയ്ത് നടപടി സ്വീകരിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചു.




Tags: