500 കോടിയുടെ ഭക്ഷ്യ ധാന്യങ്ങള്‍ സര്‍ക്കാര്‍ ഗോഡൗണില്‍ കെട്ടികിടന്നു നശിക്കുന്നുവെന്ന് പി ടി തോമസ് എംഎല്‍എ

ഭക്ഷ്യവിതരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളിലെ 253 ഗോഡൗണുകളിലാണ് ധാന്യങ്ങള്‍ കെട്ടികിടന്ന് നശിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട 1,65,328 മെട്രിക് ടണ്‍ ധാന്യമാണ് ഭക്ഷ്യയോഗ്യമല്ലാതെ കേടായി പോയതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കുമെന്നും അദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 14,0786 മെട്രിക് ടണ്‍ അരിയും ,24542 മെട്രിക് ടണ്‍ ഗോതമ്പുമാണ് വിതരണം ചെയ്യാതെ നശിപ്പിച്ചത്

Update: 2020-01-04 13:24 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പ്കേടുമൂലം 500 കോടി രൂപ വിലമതിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ ഭക്ഷ്യവിതരണ വകുപ്പിന്റെ ഗോഡൗണുകളില്‍ പുഴുവരിച്ച് കെട്ടികിടന്ന് നശിക്കുകയാണെന്ന് പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭക്ഷ്യവിതരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ വിവിധ ജില്ലകളിലെ 253 ഗോഡൗണുകളിലാണ് ധാന്യങ്ങള്‍ കെട്ടികിടന്ന് നശിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ട 1,65,328 മെട്രിക് ടണ്‍ ധാന്യമാണ് ഭക്ഷ്യയോഗ്യമല്ലാതെ കേടായി പോയതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കുമെന്നും അദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 14,0786 മെട്രിക് ടണ്‍ അരിയും ,24542 മെട്രിക് ടണ്‍ ഗോതമ്പുമാണ് വിതരണം ചെയ്യാതെ നശിപ്പിച്ചത്. എപിഎല്‍ കാര്‍ഡില്‍ നിന്ന് ബിപിഎലിലേക്ക് മാറി ഭക്ഷ്യധാന്യത്തിന്റെ അളവ് കൂട്ടുന്നതിന് വേണ്ടി രോഗികളടക്കമുള്ള ആളുകള്‍ ഓഫീസുകള്‍ തോറും കയറിയിറങ്ങുന്നതിനിടയിലാണ് ഈ ദുരവസ്ഥയുണ്ടായിരിക്കുന്നത്.

70,000ത്തോളം ബിപിഎല്‍ കാര്‍ഡ് ഉടമകളെ മുന്‍ഗണന പട്ടികയില്‍ നിന്ന് നീക്കം ചെയ്ത ഭക്ഷ്യവകുപ്പ് തല്‍സ്ഥാനത്ത് അര്‍ഹരായവരെ ഉള്‍പ്പെടുത്താനുമുണ്ടായ കാലതാമസമാണ് ധാന്യവിതരണത്തെ ബാധിച്ചത്. സ്റ്റോക്കും വിതരണവും പരിശോധിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ തയാറാകാത്തത് വകുപ്പിനെ നാഥനില്ലാകളരിയാക്കിയിരിക്കുകയാണ്. അനാവശ്യമായി ടണ്‍കണക്കിന് ധാന്യങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് വാങ്ങികൂട്ടിയതും തിരിച്ചടിയായി. പുഴുവരിച്ച് നശിച്ച ഈ ധാന്യങ്ങളാണ് റേഷന്‍കടകള്‍ വഴി ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു. ബയോമെട്രിക് സംവിധാനം റേഷന്‍ കടകളില്‍ നിര്‍ബന്ധമാക്കിയതോടെ ഗോഡൗണുകളില്‍ ശേഖരിക്കുന്ന 20 ശതമാനം അരിയും ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. നവംബര്‍ മുതല്‍ കേന്ദ്രവിഹിതത്തില്‍ നിന്നും ഭക്ഷ്യധാന്യം 28000 മെട്രിക് ടണ്‍ കേരളം കുറവ് ചെയ്തത് കെട്ടികിടക്കുന്ന ധാന്യങ്ങള്‍ വിറ്റുതീര്‍ക്കുന്നതിന് വേണ്ടിയാണെന്നും പിടി തോമസ് ആരോപിച്ചു.

Tags:    

Similar News