ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കമുളള പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ സ്ഥിരമായി പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാര്‍ നടത്തുന്ന മധ്യസ്ഥ ശ്രമത്തില്‍ കോടതി ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.പളളികളിലെ സെമിത്തേരി ഇരുപക്ഷത്തിനും ഉപയോഗിക്കാം .എന്നാല്‍ ഇടവക അംഗത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു പള്ളിക്കകത്ത്് മരണാനന്തര ചടങ്ങുകള്‍ നടത്താനാകില്ല. പള്ളിവികാരി ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നാണെങ്കില്‍ യാക്കോബായ വിശ്വസിക്ക് പള്ളിക്ക് പുറത്ത് ചടങ്ങുകള്‍ നടത്തിയതിനു ശേഷം മൃതദേഹം ഇടവകയിലെ പള്ളിയില്‍ തന്നെ സംസ്‌കരിക്കാം

Update: 2019-03-13 09:54 GMT

കൊച്ചി: ഓര്‍ത്താഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നില്‍ക്കുന്ന കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ സ്ഥിരമായി പോലിസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പോലിസ് സുരക്ഷ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാര്‍ നടത്തുന്ന മധ്യസ്ഥ ശ്രമത്തില്‍ കോടതി ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ പ്രാര്‍ഥന നടത്താന്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹരജികള്‍ തീര്‍പ്പാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രാര്‍ഥന നടത്താനെത്തിയ വിശ്വാസികളെ യാക്കോബായ വിഭാഗം തടയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയില്‍ പ്രവേശിക്കാനും പ്രാര്‍ഥന നടത്താനും പോലിസ് സംരക്ഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകുന്ന സാഹചര്യത്തിലല്ലാതെ സ്ഥിരം പോലിസ് സംരക്ഷണം ഏര്‍പ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. പരാതി പരിശോധിച്ച് പോലിസിന് സുരക്ഷയൊരുക്കാം. അതേ സമയം പളളികളിലെ സെമിത്തേരി ഇരുപക്ഷത്തിനും ഉപയോഗിക്കാം.എന്നാല്‍ ഇടവക അംഗത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു പള്ളിക്കകത്ത് മരണാനന്തര ചടങ്ങുകള്‍ നടത്താനാകില്ല. പള്ളിവികാരി ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നാണെങ്കില്‍ യാക്കോബായ വിശ്വസിക്ക് പള്ളിക്ക് പുറത്ത് ചടങ്ങുകള്‍ നടത്തിയതിനു ശേഷം മൃതദേഹം ഇടവകയിലെ പള്ളിയില്‍ തന്നെ സംസ്‌കരിക്കാമെന്നും കോടതി വ്യക്തമാക്കി.ഇക്കാര്യങ്ങള്‍ സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പിറവം പള്ളി തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിശ്വാസി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വീണ്ടും ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.


Tags:    

Similar News