പി.എസ്.സി തട്ടിപ്പ്: അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന് പ്രതിപക്ഷം

പി.എസ്.സിയുടെ നിലവിലെ അവസ്ഥ നിരാശാജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന ഹൈക്കോടതി നിരീക്ഷണവും ഗൗരവമേറിയതാണ്. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് സമീപകാല നിയമനങ്ങളെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.

Update: 2019-08-30 11:28 GMT

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. പി.എസ്.സി പരീക്ഷാ തട്ടിപ്പിനെപ്പറ്റി സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. ഇപ്പോള്‍ ഹൈക്കോടതിയും അതേ സ്വഭാവത്തിലുള്ള നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇനിയെങ്കിലും സര്‍ക്കാര്‍ പി.എസ്.സി തട്ടിപ്പിനെപ്പറ്റിയുള്ള അന്വേഷണം സി.ബി.ഐയ്ക്ക് വിടണം.

പി.എസ്.സിയുടെ നിലവിലെ അവസ്ഥ നിരാശാജനകവും ആശങ്കയുണ്ടാക്കുന്നതുമാണെന്ന ഹൈക്കോടതി നിരീക്ഷണവും ഗൗരവമേറിയതാണ്. തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാലാണ് സമീപകാല നിയമനങ്ങളെക്കുറിച്ചെല്ലാം അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ സ്വതന്ത്ര അന്വേഷണത്തിന് തയ്യാറാവാതെ പി.എസ്.സി തട്ടിപ്പ് മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. 

പി.എസ്.സി പരീക്ഷാ ക്രമക്കേട് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായി സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളീയ പൊതുസമൂഹത്തിന്റെ ആശങ്കയും ഉത്കണ്ഠയും പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിശ്വാസ്യതയ്ക്ക് പേരുകേട്ട കേരള പി.എസ്.സിയുടെ സമീപകാല പ്രവര്‍ത്തനം അത്യന്തം നിരാശാജനകമാണ്. 

പി.എസ്.സിയില്‍ നടക്കുന്ന മുഴുവന്‍ ക്രമക്കേടുകളും പുറത്ത് വരണമെങ്കില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണ്. നിഷ്പക്ഷതയ്ക്കും സത്യസന്ധതയ്ക്കും പേരുകേട്ട വ്യക്തികളയോ ഉദ്യോഗസ്ഥന്‍മാരെയോ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെയോ നിയമിച്ചുകൊണ്ടുള്ള അന്വേഷണം ആയിരിക്കും നല്ലത്. സര്‍ക്കാരിന്റെ താല്‍പ്പര്യത്തിന് അനുസരിച്ച് മംഗളപത്രം എഴുതുന്ന ഉദ്യോഗസ്ഥരെ വച്ചുള്ള അന്വേഷണത്തിലൂടെ പി.എസ്.സിയില്‍ നടക്കുന്ന ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിയില്ല. അടിയന്തിരമായി ഇത്തരമൊരു ഏജന്‍സിയെ നിയോഗിക്കാന്‍ ഹൈക്കോടതി തന്നെ മുന്‍കൈ എടുക്കുന്നതായിരിക്കും ഉചിതമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

Tags:    

Similar News