തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ച തുടങ്ങിയില്ല; പ്രവര്‍ത്തകര്‍ അനാവശ്യ പ്രചരണം നടത്തരുതെന്ന് പ്രതിപക്ഷ നേതാവ്

സ്ഥാനാര്‍ഥി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.ഒരാളുടെയും പേര് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരോ യുഡിഎഫ് പ്രവര്‍ത്തകരോ അനാവശ്യമായി പ്രചരണം നടത്തരുത്. അങ്ങനെ ചെയ്താല്‍ നടപടി നേരിടേണ്ടി വരും

Update: 2022-01-08 07:26 GMT

കൊച്ചി: തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണെന്നും സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തൃക്കാക്കര മണ്ഡലം രൂപീകൃതമായതുമുതല്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചു വരുന്നത്.സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.

പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥിയെ തീരുമാനിക്കും.സ്ഥാനാര്‍ഥി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്.ആവശ്യമില്ലാതെ ഒരാളുടെയും പേര് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരോ യുഡിഎഫ് പ്രവര്‍ത്തകരോ ഇപ്പോള്‍ പ്രചരണം നടത്തരുത്. അങ്ങനെ ചെയ്താല്‍ നടപടി നേരിടേണ്ടി വരും.അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അതിനെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags: