മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്ന് പ്രതിപക്ഷ നേതാവ്;അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

കേരളത്തിന്റെ മതസൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു

Update: 2021-09-13 07:27 GMT

കൊച്ചി: മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേരളത്തിന്റെ മതസൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.വലിയ രീതിയില്‍ ചേരിതിരിവ് ,സ്പര്‍ധ ,അവിശ്വാസം ഇവ വിവിധ മതവിശ്വാസികള്‍ക്കിടയില്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹിക മാധ്യമ പ്‌ളാറ്റ്‌ഫോമുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

വാട്ട്‌സ്ആപ്പ് ,ടെലിഗ്രാം തുടങ്ങിയ മെസേജിംങ് ആപ്പുകള്‍ തുടങ്ങി ഫേസ് ബുക്കും യു ട്യൂബുമെല്ലാം തെറ്റായ ആശയ പ്രചരണത്തിനായി ചിലര്‍ ദുരുപയോഗം ചെയ്യുകയാണ്. വര്‍ഗീയ വിഷം ചീറ്റുന്ന ഇവരില്‍ പലരും ഫേക്ക് ഐ.ഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മത മൈത്രി തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നം വി ഡി സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പോലിസ് ഇക്കാര്യം ഗൗരവത്തോടെ അന്വേഷിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നവരെ കണ്ടെത്തി ,കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ സൈബര്‍ പോലിസിന് നിര്‍ദേശം നല്‍കണം . കൂടാതെ സാമുദായ സംഘടനകളോ , സാമുദായിക നേതാക്കളോ ഏതെങ്കിലും പ്രത്യേക സംഭവങ്ങള്‍ മുന്‍നിര്‍ത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരണം. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മതമൈത്രിയും സാമൂഹിക ഇഴയടുപ്പവും സംരക്ഷിക്കാനുള്ള എല്ലാ നല്ല ശ്രമങ്ങള്‍ക്കും എല്ലാം പിന്തുണയും അറിയിക്കുന്നവെന്നും കത്തില്‍ വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News