ഗവർണറെ തിരിച്ച് വിളിക്കണം; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം
നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഗവർണറെ തിരിച്ച് വിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.
സംസ്ഥാന നിയമസഭ ഇതിന് മുമ്പും പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നമാണ് പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിൽ ഗവര്‍ണര്‍ സ്വീകരിക്കുന്നത്. കേരള നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ പ്രമേയത്തെ തള്ളിയതും നിയമസഭാ നടപടിയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കിൽ അത് ഗവര്‍ണര്‍ സ്പീക്കറെ രേഖാമൂലം അറിയിക്കണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാട് വച്ച് പൊറുപ്പിക്കാനാവില്ല. നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
