ഓപറേഷന്‍ സാഗര്‍ റാണി: 1,797 കിലോ കേടായ മല്‍സ്യം പിടികൂടി

രണ്ടാഴ്ച നടന്ന പരിശോധനകളില്‍ 1,15,516 കിലോഗ്രാം ഉപയോഗശൂന്യമായ മല്‍സ്യമാണ് പിടികൂടി നശിപ്പിച്ചത്.

Update: 2020-04-18 14:08 GMT

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 1,797 കിലോഗ്രാം ഉപയോഗശൂന്യമായ മല്‍സ്യം പിടിച്ചെടുത്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ 1,709 കിലോഗ്രാം മല്‍സ്യവും ശനിയാഴ്ച നടന്ന പരിശോധനയില്‍ 88 കിലോഗ്രാം മല്‍സ്യവുമാണ് പിടിച്ചെടുത്തത്. ലോക്ക് ഡൗണ്‍ തീരുന്നതുവരെ ചെക്ക്‌പോസ്റ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എല്ലാ ജില്ലകളിലേയും എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഭക്ഷ്യസുരക്ഷ, പോലിസ്, റവന്യൂ, ഫുഡ്‌സേഫ്റ്റി, ഫിഷറീസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ രണ്ടാഴ്ച നടന്ന പരിശോധനകളില്‍ 1,15,516 കിലോഗ്രാം ഉപയോഗശൂന്യമായ മല്‍സ്യമാണ് പിടികൂടി നശിപ്പിച്ചത്. ഏപ്രില്‍ 4ന് ആരംഭിച്ച ഓപറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2,866 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 6ന് 15,641 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 7ന് 17,018 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 8ന് 7,558 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 9ന് 7,755 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 10ന് 11,756 മല്‍സ്യവും ഏപ്രില്‍ 11ന് 35,786 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 12ന് 2,128 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 13ന് 7,349 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 14ന് 4,260 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 15ന് 1,320 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 16ന് 282 കിലോഗ്രാം മല്‍സ്യവും ഏപ്രില്‍ 17 ന് 1,709 കിലോഗ്രാം മല്‍സ്യവുമാണ് പിടിച്ചെടുത്തത്. ശനിയാഴ്ച സംസ്ഥാനത്താകെ 181 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 17 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. 

Tags:    

Similar News