ഓപ്പറേഷന്‍ ജനരക്ഷ: ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ വ്യാപക ക്രമക്കേട്

വിജിലന്‍സ് ഡയറക്ടര്‍ എസ് അനില്‍കാന്തിന് ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി 42 ഓഫിസുകളിലായിരുന്നു പരിശോധന.

Update: 2019-05-16 07:59 GMT

തിരുവനന്തപുരം: ഓപ്പറേഷന്‍ ജനരക്ഷ എന്ന പേരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. വിജിലന്‍സ് ഡയറക്ടര്‍ എസ് അനില്‍കാന്തിന് ലഭിച്ച രഹസ്യ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സംസ്ഥാന വ്യാപകമായി 42 ഓഫിസുകളിലായിരുന്നു പരിശോധന. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കു സമീപത്തെ ഓഫിസിലെ പരിശോധനയില്‍ 2019 വരെ ലഭിച്ച 680 പരാതികളില്‍ 484 ലും തുടര്‍നടപടി സ്വീകരിച്ചില്ലെന്നു കണ്ടെത്തി. 2012 മുതലുള്ള 1,382 സാംപിളുകളില്‍ റിപ്പോര്‍ട്ട് വാങ്ങിയില്ല. ഓണ്‍ലൈന്‍ ലൈസന്‍സ് അപേക്ഷകളില്‍ 66 എണ്ണം മുക്കി. ഈ വര്‍ഷം റിപ്പോര്‍ട്ട് ലഭിച്ച 39 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തില്ല.

ചിറയിന്‍കീഴ് ഓഫിസില്‍ രണ്ടു വര്‍ഷത്തിനിടെ പരിശോധനയ്ക്കു നല്‍കിയ 88 സാംപിളില്‍ 83ലും റിപ്പോര്‍ട്ട് ലഭിച്ചില്ല. കണ്ണൂര്‍, മലപ്പുറം, അടൂര്‍, ആറന്‍മുള ഓഫിസുകളിലെ പരിശോധനയില്‍ അഞ്ചുലക്ഷം വരെ പിഴ ചുമത്തേണ്ട കേസുകളില്‍ 1,000 മുതല്‍ 25,000 വരെ മാത്രം പിഴ ചുമത്തിയതു കണ്ടെത്തി. പരാതികള്‍ പലതും രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ രാവിലെ 11 കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്തിയില്ല. പൊന്‍കുന്നത്ത് രാവിലെ ഓഫിസ് തുറന്നതുപോലുമില്ല. അവിടെ ലൈസന്‍സില്ലാതെ രണ്ടുവര്‍ഷമായി ഐസ്പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. നിലവാരം കുറഞ്ഞ പാല്‍ പിടിച്ചിട്ടും തുടര്‍നടപടി എടുത്തില്ല. കല്‍പ്പറ്റയില്‍ മിനറല്‍ വാട്ടറില്‍ മാലിന്യം കലര്‍ന്ന റിപ്പോര്‍ട്ട് ലഭിച്ചിട്ടും തുടര്‍ നടപടിയെടുത്തില്ല. അരിയില്‍ മായം കലര്‍ന്നതായുള്ള പരാതികള്‍ മുക്കി.

ചിറ്റൂരില്‍ അഞ്ചുവര്‍ഷം മുന്‍പെടുത്ത ഭക്ഷ്യ സാംപിള്‍ റിപ്പോര്‍ട്ടില്‍ പോലും തുടര്‍നടപടിയില്ല. ഈ വര്‍ഷം ഒരു സാമ്പിളും ശേഖരിച്ചില്ല. 2013 മുതലുള്ള സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഈ വര്‍ഷം ലഭിച്ച 55 പരാതികളില്‍ 39ലും നടപടിയില്ല. കണ്ണൂരില്‍ സാംപിളുകള്‍ ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണ്. 80 ഓണ്‍ലൈന്‍ ലൈസന്‍സ് അപേക്ഷകളില്‍ തീരുമാനമെടുത്തിട്ടില്ല. കൊണ്ടോട്ടിയില്‍ 2014-17 കാലത്ത് നിര്‍ബന്ധമായി പരിശോധിക്കേണ്ട സാംപിള്‍ പോലും പരിശോധിച്ചിട്ടില്ല. ഇവിടെ കട പരിശോധിക്കാതെ പലര്‍ക്കും ലൈസന്‍സ് നല്‍കി. കണ്ണൂരില്‍ അസി.കമ്മിഷണറുടെ ബാഗില്‍ നിന്ന് അദ്ദേഹത്തിന്റെ തസ്തിക എഴുതിയ കവറില്‍ കണക്കില്‍ പെടാത്ത 4500 രൂപ കണ്ടെത്തി. രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കുന്നതില്‍ ഭൂരിഭാഗം ഓഫീസുകളും വീഴ്ച വരുത്തിയതായി വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് പറഞ്ഞു. ഐജി എച്ച് വെങ്കിടേഷ് റെയ്ഡിന് മേല്‍നോട്ടം വഹിച്ചു.

Tags:    

Similar News