ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ ഹൈക്കമാന്‍ഡ്

കേരളത്തിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രണ്ടാംഘട്ട ജില്ലാ പര്യടനം ആരംഭിച്ചു

Update: 2019-01-24 07:41 GMT

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയം കോണ്‍ഗ്രസില്‍ പുരോഗമിക്കവേ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തള്ളാതെ ഹൈക്കമാന്‍ഡ്. അതാത് കമ്മിറ്റികളുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് പരിഗണിക്കാറുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക് തിരുവനന്തപുരത്ത് വ്യക്തമാക്കി. ഉമ്മന്‍ചാണ്ടി മല്‍സരിക്കുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയ പുരോഗമിക്കുകയാണെന്നും മുകുള്‍ വാസ്‌നിക് തിരുവനന്തപുരത്ത് പറഞ്ഞു.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഉമ്മന്‍ചാണ്ടി വിജയ പ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയാണെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. എവിടെ നിര്‍ത്തിയാലും വിജയിക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നുവരുന്നേയുള്ളൂവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലെ പാര്‍ലമെന്റ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് രണ്ടാംഘട്ട ജില്ലാ പര്യടനം ആരംഭിച്ചു. ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്തു നിന്നാണ് പര്യടനം ആരംഭിച്ചത്. വൈകീട്ട് 3ന് കൊല്ലം, നാളെ രാവിലെ 10ന് പത്തനംതിട്ട, വൈകീട്ട് 3ന് കോട്ടയം, 26ന് രാവിലെ 10ന് ആലപ്പുഴ, വൈകീട്ട് 3ന് എറണാകുളം എന്നിങ്ങനെയാണ് പര്യടനം. ജില്ലാ കോണ്‍ഗ്രസ് യോഗത്തിനു ശേഷം മുകുള്‍ വാസ്‌നിക് നേതാക്കളുമായി പ്രത്യേകം ആശയവിനിമയം നടത്തും. ജില്ലകളുടേയും പാര്‍ലമെന്റ് മണ്ഡലങ്ങളുടേയും ചുമതലയുള്ള നേതാക്കളും ശക്തി പ്രോഗ്രാമിന്റെ ചുമതലയുള്ള നേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കും.

Tags:    

Similar News