നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ ഇടപെടല്‍ ശക്തമാക്കും: മുഖ്യമന്ത്രി

ഓണം സമൃദ്ധമാക്കാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇവയെല്ലാം ഓണത്തിനാവശ്യമായ ഉത്പന്നങ്ങള്‍ വിപണിവിലയേക്കാള്‍ കുറച്ച് എത്തിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-09-05 15:06 GMT

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 14 ഇനം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചിട്ടില്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സ്റ്റോറുകളില്‍ ഒരുഘട്ടത്തിലും വില വര്‍ധിക്കാതെയാണ് ഇവ ലഭ്യമാക്കുന്നത്. ഈ ഇടപെടല്‍ കുറെക്കൂടി ഫലപ്രദമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഓണസമൃദ്ധി കാര്‍ഷിക വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പാളയം ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഹോര്‍ട്ടികോര്‍പ്പിന്റെ 2000 സ്റ്റാളുകളിലൂടെ സാധാരണ വിപണിവിലയേക്കാള്‍ വില കുറച്ചാണ് വില്‍ക്കുന്നത്. ഇത് ജനം സ്വീകരിച്ചെന്നാണ് കഴിഞ്ഞകാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണം സമൃദ്ധമാക്കാന്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഇവയെല്ലാം ഓണത്തിനാവശ്യമായ ഉത്പന്നങ്ങള്‍ വിപണിവിലയേക്കാള്‍ കുറച്ച് എത്തിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കൃഷിക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനമുണ്ടാകുന്ന ദ്വിതല വിപണി ഇടപെടലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരില്‍നിന്നും പൊതുവിപണി വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിക്കുന്ന ഉത്പന്നങ്ങള്‍ 30 ശതമാനം വരെ വിലക്കുറവിലും നല്ല കാര്‍ഷികമുറ സമ്പ്രദായത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ജിഎപി സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്നും 20 ശതമാനം അധികവില നല്‍കി സംഭരിച്ച് 10 ശതമാനം വില കുറച്ചുമാണ് ലഭ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഭൗമസൂചികാ പദവി ലഭിച്ച ചെങ്ങാലിക്കോടന്‍ നേന്ത്രന്‍ കൃഷിമന്ത്രിയും തൃശ്ശൂരിലെ കര്‍ഷകനായ കൃഷ്ണനും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കി. ഓണസമൃദ്ധി 2019 മൊബൈല്‍ ആപ്പിന്റെ പ്രകാശനം മേയര്‍ വി കെ പ്രശാന്ത് നിര്‍വഹിച്ചു. കാര്‍ഷികോത്പാദന കമ്മിഷണര്‍ ദേവേന്ദ്രകുമാര്‍ സിംഗ് പദ്ധതിവിശദീകരണം നടത്തി. ചെങ്ങാലിക്കോടന്‍ കാഴ്ചക്കുലകളുടെ വിപണനോദ്ഘാടനം ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍ നിര്‍വഹിച്ചു. 

Tags: