ഒളിംപ്യന്‍ ഒ ചന്ദ്രശേഖരനോട് സര്‍ക്കാര്‍ അനാദരവ് കാണിച്ചെന്ന്; ആരോപണവുമായി കെ ബാബു എംഎല്‍എ

കേരളത്തിന്റെ ഖ്യാതി ലോകം മുഴുവന്‍ എത്തിച്ച മഹാനായ ഫുട്‌ബോളര്‍ ഒ ചന്ദ്രശേഖരന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ഒദ്യോഗിക ബഹുമതി നല്‍കാതെ ഡെപ്യൂട്ടി കലക്ടറെ അയയ്ക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ കാണിച്ചതെന്ന് കെ ബാബു പറഞ്ഞു.കായിക മന്ത്രിയോ മറ്റ് മന്ത്രിമാരോ ജില്ല കലക്ടര്‍ പോലുമോ തിരിഞ്ഞു നോക്കിയില്ല എന്നത് അത്യന്തം ഖേദകരവും വേദനാജനകവുമാണ്

Update: 2021-08-26 10:57 GMT

കൊച്ചി : കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ താരവും ഒളിംപ്യനുമായ ഒ ചന്ദ്രശേഖരന്റെ മരണാനന്തര ചടങ്ങുകളോട് സംസ്ഥാന സര്‍ക്കാര്‍ അനാദവരവ് കാട്ടിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്.സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അനാദരവ് കായിക മേഖലയോടും കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളോടും കാണിച്ച അവഗണനയാണെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവും കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍വ്വാഹക സമിതി അംഗവുമായ കെ ബാബു എം എല്‍ എ.

കേരളത്തിന്റെ ഖ്യാതി ലോകം മുഴുവന്‍ എത്തിച്ച മഹാനായ ഫുട്‌ബോളര്‍ ഒ ചന്ദ്രശേഖരന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ഒദ്യോഗിക ബഹുമതി നല്‍കാതെ ഡെപ്യൂട്ടി കലക്ടറെ അയയ്ക്കുക മാത്രമാണ് ഈ സര്‍ക്കാര്‍ കാണിച്ചതെന്ന് കെ ബാബു പറഞ്ഞു.കായിക മന്ത്രിയോ മറ്റ് മന്ത്രിമാരോ ജില്ല കലക്ടര്‍ പോലുമോ തിരിഞ്ഞു നോക്കിയില്ല എന്നത് അത്യന്തം ഖേദകരവും വേദനാജനകവുമാണ്. ഇത് കേരളത്തിലെ കായിക മേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയാണെന്ന് കെ ബാബു പറഞ്ഞു.

1960ലെ റോം ഒളിംപിക്‌സില്‍ പങ്കെടുത്ത് ഫുട്‌ബോളില്‍ ഇന്ത്യയെ ഒളിംപിക്‌സില്‍ പ്രതിനിധീകരിച്ച മലയാളികളിലൊരാളാണ് ഒളിംപ്യന്‍ ചന്ദ്രശേഖരന്‍. 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം. കേരളാ യുനിവേഴ്‌സിറ്റി ഉള്‍പ്പെടെ കേരളവും മഹാരാഷ്ട്രയുമുള്‍പ്പടെ വിവിധ സംസ്ഥാന ടീമുകള്‍ക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. 1964 ല്‍ മഹാരാഷ്ട്രാ ആന്ധ്രയെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി നേടിയപ്പോള്‍ ആ ടീമില്‍ അംഗമായിരുന്ന ചന്ദ്രശേഖര്‍, സന്തോഷ് ട്രോഫി നേടുന്ന ആദ്യത്തെ മലയാളിയുമാണെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ ബോധപൂര്‍വം വിസ്മരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: