ഇന്ധന- പാചകവാതക വിലവര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുന്നു: മുല്ലപ്പള്ളി

ഇന്ധനവില വര്‍ധനവിനെതിരേ സംസ്ഥാനത്തെ 1,000 മേഖലകളില്‍ 25,000 വാഹനങ്ങള്‍ നിര്‍ത്തിയിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗതാഗതതടസ്സം സൃഷ്ടിക്കാതെ റോഡിന്റെ വശത്ത് വാഹനങ്ങള്‍ 15 മിനിറ്റ് നിര്‍ത്തിയിട്ട് മാതൃകാപരമായാണ് സമരം സംഘടിപ്പിച്ചത്.

Update: 2020-07-01 11:45 GMT

തിരുവനന്തപുരം: ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതീകാത്മക ബന്ദിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏജീസ് ഓഫിസിന് മുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരുരാജ്യത്തുമില്ല ഇതുപോലൊരു ഇന്ധനവില വര്‍ധനവ്. വിലവര്‍ധനവില്‍ വലയുന്നത് സാധാരണ ജനങ്ങളാണ്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഡോ.മന്‍മോഹന്‍സിങ് സര്‍ക്കാര്‍ 1,25,000 കോടി രൂപയാണ് സബ്സിഡി നല്‍കിയത്.

അതേ പാത പിന്തുടര്‍ന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇന്ധനവിലയുടെ അധികനികുതിയിലൂടെ ലഭിക്കുമായിരുന്ന 619 കോടി രൂപ വേണ്ടെന്ന് വച്ചു. എന്നാല്‍, ഇതേ മാതൃക പിന്തുടരാന്‍ ഇപ്പോഴത്തെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത് ഉപഭോക്തൃസംസ്ഥാനമായ കേരളമാണ്. കൃഷിക്കാര്‍, മല്‍സ്യത്തൊഴിലാളികള്‍ തുടങ്ങിയവരുടെ ജീവിതവും നരകതുല്യമായി. ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളത്.

ഇന്ധനവില വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാരിന് 3.5 ലക്ഷം കോടിയും സംസ്ഥാന സര്‍ക്കാരിന് 2050 കോടിയുമാണ് ലഭിക്കുന്നത്. ഇതില്‍നിന്നും അല്‍പ്പം ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാന്‍ ഇരുസര്‍ക്കാരും തയ്യാറാവുന്നില്ല. മോദി സര്‍ക്കാരിനെതിരേ സമരം ചെയ്യാന്‍ കേരളത്തിലെ സിപിഎമ്മും ഇടതുസര്‍ക്കാരും തയ്യാറാവുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്ധനവില വര്‍ധനവിനെതിരേ സംസ്ഥാനത്തെ 1,000 മേഖലകളില്‍ 25,000 വാഹനങ്ങള്‍ നിര്‍ത്തിയിട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗതാഗതതടസ്സം സൃഷ്ടിക്കാതെ റോഡിന്റെ വശത്ത് വാഹനങ്ങള്‍ 15 മിനിറ്റ് നിര്‍ത്തിയിട്ട് മാതൃകാപരമായാണ് സമരം സംഘടിപ്പിച്ചത്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ കയറിയിരുന്ന് ഫെയ്സ്ബുക്ക് ലൈവില്‍ ഇന്ധന കൊള്ളക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍, ജനറല്‍ സെക്രട്ടറി പാലോട് രവി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ എസ് ശബരീനാഥന്‍ എംഎല്‍എ, എന്‍ എസ് നുസൂര്‍, എസ് എം ബാലു, സംസ്ഥാന ഭാരവാഹികളായ നിനോ അലക്സ്, വിനോദ് കോട്ടുകാല്‍, അരുണ്‍ രാജന്‍, അസംബ്ലി പ്രസിഡന്റ് കിരണ്‍ ഡേവിഡ്, ഡിസിസി ഭാരവാഹി പാളയം ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. 

Tags: