മലപ്പുറം ജില്ലയില്‍ വാക്‌സിനേഷന്റെ എണ്ണം വര്‍ധിപ്പിക്കും; സ്‌പോട്ട് രജിസ്‌ട്രേഷന്‍ പുനരാരംഭിക്കും: കലക്ടര്‍

Update: 2021-05-29 13:07 GMT

മലപ്പുറം: ജില്ലയിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവ് നിരക്കിന്റെ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്റെ എണ്ണം വര്‍ധിപ്പിക്കേണ്ട അടിയന്തരസാഹചര്യത്തില്‍ വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഉറപ്പുനല്‍കി. മലപ്പുറത്ത് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരിയുടെ നേതൃത്വത്തില്‍ എത്തിയ പ്രതിനിധി സംഘത്തോടാണ് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കിയത്.

സ്‌പോര്‍ട്‌സ് രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുക വഴി പ്രാദേശികമായി ജനങ്ങള്‍ക്കുണ്ടായിരുന്ന വാക്‌സിനേഷന്‍ സൗകര്യം ഇല്ലാതായത് ചൂണ്ടിക്കാട്ടിയ പ്രതിനിധി സംഘത്തോട് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉടന്‍ പുനരാരംഭിക്കുമെന്നും വാക്‌സിനേഷന്‍ ക്യാംപുകളില്‍ ഒരേസമയം ആളുകള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന സാഹചര്യമൊഴിവാക്കുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്നും സഹകരണമുണ്ടാവണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. നഗരസഭ പ്രദേശത്തെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഒന്നാംഘട്ട വാക്‌സിനേഷന്‍ ക്യാംപുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ അപൂര്‍വം നഗരസഭാ പ്രദേശങ്ങളിലൊന്നാണ് മലപ്പുറം.

മലപ്പുറത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഒന്നാംഘട്ട കാംപയിന്‍ ആയിരക്കണക്കിനാളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതിന് പുറമെ താലൂക്കാശുപത്രി കേന്ദ്രീകരിച്ച് ദിനംപ്രതി നൂറുകണക്കിനാളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞു. പ്രതിനിധി സംഘത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി കെ സക്കീര്‍ ഹുസൈന്‍, പി കെ അബ്ദുല്‍ ഹക്കിം, സിദ്ദീഖ് നൂറേങ്ങല്‍, നഗരസഭാ കൗണ്‍സിലര്‍മാരായ സജീര്‍ കളപ്പാടന്‍, ശിഹാബ് മൊടയങ്ങാടന്‍ എന്നിവരുണ്ടായിരുന്നു.

Tags: