പൗരത്വം കേന്ദ്ര പട്ടികയില്‍പ്പെട്ട വിഷയം:കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍

കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനയ്ക്കെതിരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കുന്നതിന് സമയക്രമമൊന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ പൗരത്വനിയമത്തിനെതിരായി പ്രമേയം പാസാക്കുന്നത് കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കില്ല. ദേശ താല്‍പര്യമനുസരിച്ചാണ് ഗവണ്‍മെന്റ് നിയമം നടപ്പാക്കുന്നതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു

Update: 2019-12-30 14:12 GMT

കൊച്ചി: ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച് പൗരത്വം കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുന്ന വിഷയമാണെന്നും പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമം പിന്തുടരാതിരിക്കാനുള്ള അവകാശം ഒരു സംസ്ഥാനത്തിനുമില്ലെന്നും കേന്ദ്ര ഘനവ്യവസായ, പൊതുസംരംഭക, പാര്‍ലമെന്ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനയ്ക്കെതിരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പൗരത്വ നിയമം നടപ്പാക്കുന്നതിന് സമയക്രമമൊന്നും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല. സംസ്ഥാനങ്ങള്‍ പൗരത്വനിയമത്തിനെതിരായി പ്രമേയം പാസാക്കുന്നത് കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കില്ല. ദേശ താല്‍പര്യമനുസരിച്ചാണ് ഗവണ്‍മെന്റ് നിയമം നടപ്പാക്കുന്നതെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിയമം സമത്വവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന് എതിരാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ 14-ാം അനുച്ഛേദം യുക്തിസഹമായ തരംതിരിക്കല്‍ അനുവദിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് ഇന്ന് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിഎ മന്ത്രിസഭയുടെ കാലത്ത് പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് അവതരിപ്പിച്ചതെന്നും കേന്ദ്ര മന്ത്രി മേഘ്വാള്‍ പറഞ്ഞു. അന്ന് പൗരത്വ രജിസ്റ്ററിന്റെ ആദ്യ ഫോം പൂരിപ്പിച്ചത് പി ചിദംബരത്തിന്റെ സാന്നിധ്യത്തില്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആയിരുന്നു. അതേ ഗവണ്‍മെന്റിനെ നയിച്ച കോണ്‍ഗ്രസാണ് ഇന്ന് പൗരത്വ രജിസ്റ്ററിനെയും കുറ്റപ്പെടുത്തുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റര്‍ സെന്‍സസിന്റെ ഭാഗം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമം ഇന്ത്യയിലെ മുസ് ലിം ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കില്ലെന്നും ഇന്ത്യയിലെ പൗരന്മാരെല്ലാം പൗരന്മാരായി തന്നെ തുടരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.  

Tags:    

Similar News