പൗരത്വ ഭേദഗതി നിയമം; മുസ് ലിം സംഘടനകളുടെ സംയുക്ത റാലിയുംപ്രതിഷേധ സംഗമവും ജനുവരി ഒന്നിന് മറൈന്‍ഡ്രൈവില്‍

വൈകിട്ട് മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് സമ്മേളന നഗരിയായ മറൈന്‍ ഡ്രൈവിലേക്ക് പുറപ്പെടും. തുടര്‍ന്ന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍, ദലിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

Update: 2019-12-30 10:25 GMT

കൊച്ചി: പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ് ലിം സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സംയുക്ത പ്രതിഷേധ റാലിയും സമര പ്രഖ്യാപന കണ്‍വെന്‍ഷനും 2020 ജനുവരി ഒന്നിന് മറൈന്‍്രൈഡവില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ടി എച്ച് മുസ്തഫ, ജനറല്‍ കണ്‍വീനറര്‍ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് വിവിധ മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ചെറുജാഥകള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് സമ്മേളന നഗരിയായ മറൈന്‍ ഡ്രൈവിലേക്ക് പുറപ്പെടും. തുടര്‍ന്ന് നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ അഡ്വ. പ്രശാന്ത് ഭൂഷണ്‍, ദലിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല്‍ മുജാഹിദീന്‍, സംസ്ഥാന കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി, കെഎന്‍എം മര്‍ക്കസുദഅ്വ, മുസ്ലിംലീഗ്, കെഎംഇഎ, എംഇഎസ്, എംഎസ്എസ്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍, മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി, വിവിധ ജമാഅത്ത് കൗണ്‍സിലുകള്‍ എന്നിവര്‍ സംയുക്തമയാണ് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിക്കുന്നത്. എന്‍ആര്‍സിയും പൗരത്വ ഭേദഗതി നിയമവും ഭരണഘടന വിരുദ്ധവും ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതുമാണെന്നും കോഓര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയാവുന്ന പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും പിന്‍വലിക്കണം. ഇന്ത്യയുടെ മഹനീയ പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ പ്രതിബദ്ധത കാണിക്കേണ്ട സര്‍ക്കാര്‍ മത അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുന്നത് അപലപനീയമാണ്.

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്ലിങ്ങളെ ആശങ്കയിലാക്കുന്ന ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരിക്കും കൊച്ചിയിലെ മഹാറാലിയെന്നും ഇവര്‍ പറഞ്ഞു. പൗരത്വ നിയമം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ കൂടുതല്‍ പ്രക്ഷോഭ പരിപാടികളിലേക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റി നീങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.കൊടിയും വലിയ ബാനറുകളും റാലിയില്‍ ഉപയോഗിക്കില്ല. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഫലിപ്പിക്കുന്ന രീതിയില്‍ ചെറുബാനറുകളും പ്ലക്കാര്‍ഡുകളും ഉപയോഗിക്കും. സംഘാടകര്‍ അനുവദിക്കുന്ന മുദ്രാവാക്യങ്ങളായിരിക്കും റാലിയില്‍ ഉയര്‍ത്തുന്നത്. റാലിയുടെ നടത്തിപ്പിനും ഗതാഗത തടസം ഒഴിവാക്കുന്നതിനും മൂവായിരം വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേക പരിശീലനവും നല്‍കി. ജാഥ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങള്‍ ഹൈക്കോടതി നിര്‍ദേശം പാലിച്ചുകൊണ്ടുള്ളതാകണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ടി എം സക്കീര്‍ ഹുസൈന്‍, അഡ്വ.കെ കെ കബീര്‍, കെ എം കുഞ്ഞുമോന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News