വര്‍ഗീയതയുടെ ആയുധങ്ങളുപയോഗിച്ച് തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണം: എളമരം കരിം

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ജനുവരി 8ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബിഎംഎസ് ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്കിങ് മേഖലയിലെ തൊഴിലാളികള്‍, പൊതുമേഖല ജീവനക്കാര്‍ തുടങ്ങി മുഴുവന്‍ തൊഴിലാളികളും ട്രേഡ് യൂനിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിഎംഎസ് പണിമുടക്കിനെതിരേ യാതൊരു പ്രചാരണവും നടത്തുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രമേയവും പാസാക്കിയിട്ടുണ്ട്. പൊതുപണിമുടക്കിന്റെ പ്രചാരണാര്‍ഥം നടത്തുന്ന സംസ്ഥാന ജാഥകള്‍ക്ക് മുമ്പൊന്നും ലഭിക്കാത്ത സ്വീകരണമാണ് ഇന്ന് ലഭിക്കുന്നതെന്നും എളമരം കരിം പറഞ്ഞു

Update: 2019-12-31 12:26 GMT

കൊച്ചി; പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസറ്റര്‍ എന്നിവയുപയോഗിച്ച് തൊഴിലാളികളെയും രാജ്യത്തെയും വര്‍ഗീയമായി ഭിന്നിപ്പിക്കാനും പൊതുമേഖലാ സ്ഥാപനങ്ങനെ വിറ്റഴിക്കുവാനുമുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ജനുവരി 8ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ബിഎംഎസ് ഒഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്കിങ് മേഖലയിലെ തൊഴിലാളികള്‍, പൊതുമേഖല ജീവനക്കാര്‍ തുടങ്ങി മുഴുവന്‍ തൊഴിലാളികളും ട്രേഡ് യൂനിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ബിഎംഎസ് പണിമുടക്കിനെതിരേ യാതൊരു പ്രചാരണവും നടത്തുന്നില്ലെന്ന് മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രമേയവും പാസാക്കിയിട്ടുണ്ട്.

പൊതുപണിമുടക്കിന്റെ പ്രചാരണാര്‍ഥം നടത്തുന്ന സംസ്ഥാന ജാഥകള്‍ക്ക് മുമ്പൊന്നും ലഭിക്കാത്ത സ്വീകരണമാണ് ഇന്ന് ലഭിക്കുന്നതെന്നും എളമരം കരിം പറഞ്ഞു.എല്ലാ മേഖലയിലും കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നതിന്റെ തെളിവാണിത്. മിനിമം വേതനം 21,000 ആക്കുക, എല്ലാ തൊഴിലാളികളെയും സാമൂഹ്യസുരക്ഷ പദ്ധതികളില്‍ ഉള്‍പ്പെടുത്തുക, 10000 രൂപ പെന്‍ഷന്‍ അനുവദിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍കരണ നീക്കം ഉപേക്ഷിക്കുക, തൊഴിലാളി വിരുദ്ധമായ തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, കൂത്തകകള്‍ക്ക് അനുകൂലമായ രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ നിര്‍മ്മിക്കാതിരിക്കുക. വിലക്കയറ്റം തടയുന്നതിന് പൊതുവിതരണ സമ്പ്രദായം ശക്തമാക്കുക, തെഴിലാളികളെയും രാജ്യത്തെയും വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്നും എളമരം കരിം പറഞ്ഞു.

എസ്ടിയു ദേശീയ സെക്രട്ടറി അഡ്വ. റഹ്മത്തുള്ള, സിഐടിയു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എന്‍ ഗോപിനാഥ്, എഐടിയുസി സംസ്ഥാന സെക്രട്ടറി കെ സി ജയപാലന്‍, ഐഎന്‍ടിയുസി. സംസ്ഥാന ജനറല്‍ സെക്രട്ടറി മലയാലപ്പുഴ ജോതീഷ്‌കുമാര്‍, സേവാ ദേശീയ സെക്രട്ടറി സോണിയ ജോര്‍ജ്, ടിയുസിഐ സംസ്ഥാന പ്രസിഡന്റ് എ കെ തങ്കപ്പന്‍, സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍, സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് പി ആര്‍ മുരളീധരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News