അധ്യാപകരില്ല, സിലബസില്ല: കേരളയില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് അവതാളത്തില്‍

ജൂണ്‍ ആദ്യവാരം ക്ലാസ് ആരംഭിച്ചത് മുതല്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ റിസര്‍ച്ച് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ക്ലാസുകള്‍ നല്‍കിയിട്ടുള്ളത്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ഡിസിപ്ലിന്‍ പോലും അല്ലാത്ത മറ്റൊരു വിഷയത്തില്‍ ക്ലാസുകള്‍ എടുക്കണമെന്നാണ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ മേധാവി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Update: 2019-08-02 13:55 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല 2019 അധ്യായന വര്‍ഷത്തില്‍ ആരംഭിച്ച പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് പഠിപ്പിക്കാന്‍ അദ്ധ്യാപകരോ സിലബസോ ഇല്ല. ജൂണ്‍ ആദ്യവാരം ക്ലാസ് ആരംഭിച്ചത് മുതല്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ റിസര്‍ച്ച് ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ക്ലാസുകള്‍ നല്‍കിയിട്ടുള്ളത്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ഡിസിപ്ലിന്‍ പോലും അല്ലാത്ത മറ്റൊരു വിഷയത്തില്‍ ക്ലാസുകള്‍ എടുക്കണമെന്നാണ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ മേധാവി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിരുദാനന്തര ബിരുദ കോഴ്‌സിന് വളരെ പ്രാവിണ്യം ഉള്ളതും അതാത് വിഷയത്തില്‍ ഗവേഷണം നടത്തിയിട്ടുള്ളതുമായ അധ്യാപകരെ കൊണ്ട് വേണം ക്ലാസുകള്‍ കൈകാര്യം ചെയ്യിക്കേണ്ടത് എന്ന യു.ജി.സി.യുടെ നിര്‍ദേശത്തെ കാറ്റില്‍ പറത്തിയാണ് കേരളയുടെ ഈ പോക്ക്. ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും വകുപ്പ് മേധാവികളും അവരുടെ കാലഘട്ടത്തില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു എന്ന് വരുത്തി തീര്‍ക്കാനാണ് കുട്ടികളുടെ ഭാവി തന്നെ അവതാളത്തില്‍ ആകുന്ന തരത്തിലുള്ള ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്.

എന്നാല്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിനൊപ്പം ആരംഭിച്ച എം.എ. വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസിലും ഡാറ്റാ സ്റ്റഡീസിലും ഗസ്‌റ് ഫാക്കല്‍റ്റിയെ നിയമിച്ച് കൊണ്ട് ക്ലാസുകള്‍ മുന്നോട്ട് പോകുന്നുണ്ട്. അതേസമയം പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞു ഇന്ത്യന്‍ സിവില്‍ സര്‍വീസ് പോലുള്ള മത്സര പരീക്ഷകള്‍ എഴുതാം എന്ന മോഹവുമായി കടന്നു വന്ന പതിമൂന്നിലധികം വിദ്യാര്‍ത്ഥികളുടെ ഭാവിയെ തുലാസിലാക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്നു സേവ് എഡ്യൂക്കേഷന്‍ ഫോറം വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. വിവിധ അക്കാഡമിക് ബോഡികളില്‍ നിരവധി തവണ ചര്‍ച്ച ചെയത് അക്കാഡമിക് കൌണ്‍സില്‍ മീറ്റിംഗില്‍ പാസ്സാക്കുന്ന സിലബസാണ് പോസ്റ്റ് ഗ്രാജ്യൂയേഷന്‍ ലെവലില്‍ പഠിപ്പിക്കേണ്ടത്. ഇത്തരത്തില്‍ യാതൊരുവിധ ചര്‍ച്ചകളും നടത്താതെയാണ് ഇത്തരം കോഴ്‌സ് ആരംഭിരിക്കുന്നത് എന്ന ആക്ഷേപം കൂടിയുണ്ട്. ലക്ച്ചറുകളും പേപ്പര്‍ പ്രസന്റേഷനുകളും അസൈന്റ്‌മെന്റുകളും പുറമെ ടുടോറിയല്‍സും അടങ്ങുന്നതാണ് ഒരു സെമസ്റ്റര്‍. കുട്ടികള്‍ക്ക് സിലബസ് പോലും നല്‍കാത്തപ്പോള്‍ പഠിക്കേണ്ടുന്ന വിഷയങ്ങളെ പറ്റി പോലും കുട്ടികള്‍ ഊഹമില്ലാതിരിക്കുകയാണ്. എത്രയും വേഗം അധികൃതരുടെ ശ്രദ്ധ ഈ വിഷയത്തില്‍ പതിയാനമെന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കണം എന്നും ഫാറം ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. 

Tags:    

Similar News