എറണാകുളത്ത് നിപ്പ വൈറസ്: പ്രചരണം അടിസ്ഥാനരഹിതമെന്ന് ജില്ലാ ഭരണകൂടം

എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.

Update: 2019-06-02 08:05 GMT

തിരുവനന്തപുരം: എറണാകുളത്തെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു

പനി ബാധിതരായി എത്തുന്ന രോഗികളിൽ നിപയുടെ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ അത് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനകൾ നടത്തുന്നത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണ്. ഇതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല

പരിശോധനയുടെ അടിസ്ഥാനത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ജില്ലാ ഭരണകൂടം നൽകുന്നതും മുൻകരുതലുകൾ സ്വീകരിക്കുന്നതുമാണ്. ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പരത്തുന്നതിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പറവൂര്‍ വടക്കേക്കര സ്വദേശിക്കു നിപ ബാധിച്ചുവെന്ന വിവരമാണ് പുറത്തുവന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ആശുപത്രി അധികൃതരോ ജില്ലാ ആരോഗ്യ വകുപ്പോ സ്ഥിരീകരണം നല്‍കിയിരുന്നില്ല. സുരക്ഷയുടെ ഭാഗമായി ഇയാളെ ഐസോലേറ്റഡ് വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ അതീവ ജാഗ്രതയിലാണ്. 

ഇന്നലെ രാത്രി രോഗബാധ അറിഞ്ഞതോടെ ആശുപത്രി അധികൃതരുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ രോഗബാധ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. മെഡിക്കല്‍ ഓഫീസര്‍ രോഗം സ്ഥിരീകരിച്ച ശേഷം കൂടുതല്‍ ചികിത്സാ നടപടികള്‍ സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തൃശ്ശൂരില്‍ നിന്നാണ് യുവാവിനു വൈറസ് ബാധ പിടിപെട്ടത് എന്നാണ് പ്രാഥമിക നിഗമനം. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രോഗിയുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി മണിപ്പാലിലേക്ക് അയച്ചിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ഒരു രോഗിക്കു നിപയ്ക്കു സമാനമായ രോഗ ലക്ഷണങ്ങള്‍ കണ്ടതായും രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍ നിപയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിക്കുന്നു.

കൊച്ചിയില്‍ നിപ ബാധയെന്ന വാര്‍ത്ത ആരോഗ്യ വകുപ്പു ഡയരക്ടറും നിഷേധിച്ചു. ഒരു രോഗിയുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതില്‍ വ്യക്തത വന്നതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ കഴിയൂ എന്നും ഡിഎച്ച്എസ് അറിയിച്ചു.

Tags:    

Similar News