സനലിന്റെ ഭാര്യ സമരം അവസാനിപ്പിച്ചു

വിജിക്ക് ജോലി നല്‍കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് 22 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവുമാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

Update: 2018-12-31 13:06 GMT

തിരുവനന്തപുരം: ഡിവൈഎസ്പി ഹരികുമാറുമായുള്ള തര്‍ക്കത്തിനിടെ കാറിടിച്ചു മരിച്ച സനലിന്റെ ഭാര്യ വിജി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി വന്ന സമരം അവസാനപ്പിച്ചു. വിജിക്ക് ജോലി നല്‍കാമെന്ന സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്നാണ് 22 ദിവസമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവുമാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നാല്‍ ജനുവരി ഒന്നിനു സെക്രട്ടേറിയറ്റിനു മുന്നില്‍ വഞ്ചനാ മതില്‍ തീര്‍ക്കുമെന്നു വിജിയും കുടുംബവും പ്രഖ്യാപിച്ചിരുന്നു.

ജനുവരി ഒന്നിനു വനിതാ മതില്‍ നടക്കാനിരിക്കെയായിരുന്നു വിജിയുടെ പ്രഖ്യാപനം. ഇതോടെയാണ് അനുനയ ശ്രമവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. സമരത്തിനിടെ വൈദ്യുതി മന്ത്രി എംഎംമണിയെ വിളിച്ചപ്പോള്‍ മന്ത്രി മോശമായി സംസാരിച്ചുവെന്ന വിജിയുടെ ആരോപണം നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ നവംബര്‍ 5ന് നെയ്യാറ്റിന്‍കരയില്‍ വച്ച് ഡിവൈഎസ്പി ഹരികുമാറുമായുള്ള തര്‍ക്കത്തിനിടെ, ഹരികുമാര്‍ തള്ളിയിട്ട സനലിനെ അതുവഴി വന്ന കാറിടിക്കുകയായിരുന്നു.

കാറിടിച്ച ശേഷവും ദീര്‍ഘനേരം റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ ആദ്യം പോലിസുകാര്‍ തയ്യാറായിരുന്നില്ല. പിന്നീട് പോലിസ് സ്‌റ്റേഷനിലെത്തിച്ച ശേഷമാണ് സനലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതോടെ തക്ക സമയത്ത് ചികില്‍സ കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് മരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തിരുന്നു.


Tags:    

Similar News