കോണ്‍ഗ്രസിലെ ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പുതിയ വെളിപ്പെടുത്തല്‍

Update: 2025-12-03 17:59 GMT

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പുതിയ വെളിപ്പെടുത്തലുമായി കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറിയും പ്രസാധകയുമായ എം.എ.ഷഹനാസ്. രാഹുല്‍ മോശം മെസേജ് അയച്ചെന്നാണ് ഷഹനാസിന്റെ പരാതി. ഇക്കാര്യം ഷാഫി പറമ്പിലിനോട് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ കര്‍ഷക സമരത്തിനു പോയി വന്നപ്പോഴാണ് രാഹുല്‍ മോശം മെസേജ് അയച്ചത്. രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫി പറമ്പിലിനോട് താന്‍ ആവശ്യപ്പെട്ടിരുന്നതായും ഷഹനാസ് പറഞ്ഞു.

''കര്‍ഷക സമരത്തില്‍ പങ്കെടുത്ത് തിരിച്ചുവന്ന സമയത്ത്, എന്താണ് നിങ്ങള്‍ ഞങ്ങളോട് പറയാതെ പോയതെന്ന് രാഹുല്‍ മെസേജ് അയച്ചിരുന്നു. വലിയ ആഗ്രഹമുണ്ടായിട്ട് പോയതാണെന്നും യൂത്ത് കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും കൂടി ഒന്നിച്ചു പോകാനാണെങ്കില്‍ വീണ്ടും പോകാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും നമ്മള്‍ രണ്ടാളും പോകുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു രാഹുലിന്റെ മറുപടി. അതിനുള്ള ഉത്തരം അന്ന് ഞാന്‍ കൊടുത്തിരുന്നു. കോണ്‍ഗ്രസിലും മഹിളാ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലുമുള്ള സ്ത്രീകള്‍ക്ക് രാഹുലിനെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. അയാള്‍ അധ്യക്ഷ പദവിയിലേക്ക് വരുന്നെന്ന് കണ്ടപ്പോള്‍ ഇക്കാര്യം കൃത്യമായി മെസേജ് അയച്ച് ഷാഫി പറമ്പിലിനോട് പറഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിലെ ബാക്കിയുള്ള സ്ത്രീകളോട് രാഹുല്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ? പെരുമാറിയിട്ടുള്ള ഇഷ്ടം പോലെ ആള്‍ക്കാരുണ്ട്. അവര്‍ കൂടി തുറന്നുപറയാനുള്ള സാഹചര്യം ഉണ്ടാകാനാണ് ഞാന്‍ ഇപ്പോള്‍ പ്രതികരിക്കുന്നത്. ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ലായിരുന്നു. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. കോണ്‍ഗ്രസില്‍ ഇനിയും സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കണം. അതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നത്. പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്. സ്ത്രീയെന്ന രീതിയില്‍ അന്ന് തന്റെ പരാതി പരിഗണിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു.

രാഹുലിന്റെ ഗാര്‍ഡിയനാണ് ഷാഫി. എന്നെയും എം.കെ. മുനീര്‍ എംഎല്‍എയും ചേര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അപവാദപ്രചരണം നടത്തി. ഇതിന്റെ ശബ്ദരേഖ അടക്കം ഷാഫിക്ക് പരാതി നല്‍കി. പരാതിയുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും നല്‍കി. എന്നാല്‍ എനിക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായത്. രാഹുലില്‍ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ നേരിട്ട് അറിയാം. ഈ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. ഷാഫി പറമ്പില്‍ അധ്യക്ഷനായിരുന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം ആയിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആക്കിയത് ഷാഫി പറമ്പിലിന്റെ നിര്‍ബന്ധപ്രകാരമാണ്. ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത് ജെ.എസ്. അഖിലിനെയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം തള്ളിയാണ് ഷാഫിയുടെ തീരുമാനം നടപ്പിലാക്കിയത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ മെംബര്‍ഷിപ്പ് ചേര്‍ത്താണ് രാഹുല്‍ അധ്യക്ഷനായതെന്ന ആരോപണം ഉയര്‍ന്നത് സംഘടനയില്‍ നിന്ന് തന്നെയാണ് ഷഹനാസ് വെളിപ്പെടുത്തി.





Tags: