ഇടുക്കിയിലെ ഭൂമി കയ്യേറ്റവും അനധികൃത നിര്‍മ്മാണവും തടയാന്‍ പുതിയ ഉത്തരവ്

സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണം നടത്തിയിരിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായിരിക്കും.1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ചുള്ളതാണ് ഉത്തരവ്.

Update: 2019-09-04 09:08 GMT

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ അനധികൃതമായി ഭൂമി കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഉത്തരവ് പുറപ്പെടുവിച്ച് സര്‍ക്കാര്‍. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മാണം നടത്തിയിരിക്കുന്ന പട്ടയമില്ലാത്ത ഭൂമിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായിരിക്കും.1964 ലെ ഭൂമി പതിവ് ചട്ട പ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ചുള്ളതാണ് ഉത്തരവ്.

ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം അനുവദിച്ചിട്ടുള്ള ഭൂമിയില്‍ പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നടത്താതിരിക്കുന്നതിനായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഏത് ആവശ്യത്തിനാണ് പ്രസ്തുത പട്ടയം അനുവദിച്ചതെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കാവൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.

പട്ടയത്തിന്റെ നിബന്ധനകള്‍ ലംഘിക്കപ്പെട്ടതും നിരാക്ഷേപ പത്രം (എന്‍.ഒ.സി), നിര്‍മ്മാണ അനുമതി എന്നിവ ഇല്ലാത്ത നിര്‍മ്മിതികള്‍ അനധികൃത കൈവശ ഭൂമിയായി പരിഗണിച്ച് വാഗമണ്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മൊത്തം കൈയ്യേറ്റങ്ങള്‍ പട്ടികപ്പെടുത്തി ഇടുക്കി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. മൂന്നാര്‍ പ്രദേശത്തുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് യോജിക്കുന്ന വിധം മാത്രമായിരിക്കണം. ഉപയോഗിക്കുന്ന വൈദ്യുതിയുടെ മുഖ്യ പങ്ക് സോളാര്‍ പാനല്‍ സ്ഥാപിച്ച് ഉത്പാദിപ്പിക്കണം. മഴവെള്ള സംഭരണി നിര്‍മ്മിക്കണമെന്നും മെച്ചപ്പെട്ട മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കണമെന്നും ഈ നിബന്ധനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വട്ടവട, ചിന്നക്കനാല്‍ ഒഴികെയുള്ള മേഖലകള്‍ ഉള്‍പ്പെടുന്ന ഒരു ടൗണ്‍ പ്ലാനിംഗ് സ്‌കീമിന് തദ്ദേശ സ്വയംഭരണ വകുപ്പ് 6 മാസത്തിനകം രൂപം നല്‍കേണ്ടതാണ് എന്നും ഉത്തരവില്‍ പറയുന്നു.

അനധികൃതമായി നല്‍കിയ പട്ടയങ്ങളെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതും അതേസമയം സര്‍ക്കാര്‍ അനുവദിച്ചതുമായ പട്ടയങ്ങളുടെ (രവീന്ദ്രന്‍ പട്ടയം) കാര്യം പരിശോധിക്കുന്നതിനായി നിയോഗിക്കപ്പെട്ട അഞ്ച് അംഗ സമിതിയുടെ പരിശോധന പൂര്‍ത്തിയാക്കി അതിനനുസരിച്ചുള്ള തുടര്‍ നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ സ്വീകരിക്കേണ്ടതാണ് എന്ന് ഉത്തരവില്‍ പറയുന്നു. 1964 ലെ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ 15 സെന്റ് വരെയുള്ള പട്ടയ ഭൂമിയില്‍ 1500 ചതുരശ്ര അടിയിലേറെ തറ വിസ്തൃതിയുള്ള, വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ കൈവശക്കാര്‍, അത് അവരുടെ ഏക ജീവനോപാധിയാണെന്ന് വ്യക്തമായി തെളിയിക്കുകയാണെങ്കില്‍ അത്തരം സവിശേഷ സാഹചര്യങ്ങള്‍ പ്രത്യേകം പരിശോധിച്ച് ഒരോ കേസിലും പ്രത്യേകം റിപ്പോര്‍ട്ട് തയ്യാറാക്കി ഇടുക്കി ജില്ലാ കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഭൂമി കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടന ഹൈക്കോടതിയില്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് വന്നിരിക്കുന്നത്.

Tags:    

Similar News