വിമാനത്താവളത്തില്‍ കൂടുതല്‍ ഡബിള്‍ ചേംബര്‍ ടാക്സികള്‍ ഏര്‍പ്പെടുത്തും: മന്ത്രി വി എസ് സുനില്‍കുമാര്‍

പുതിയ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിമാനത്തിലെത്തുന്ന ആളുകള്‍ യാത്രക്കായി സ്വന്തമായി വാഹനങ്ങള്‍ ക്രമീകരിക്കുകയോ ടാക്സികളില്‍ യാത്ര ചെയ്യുകയോ ചെയ്യണം. തിങ്കളാഴ്ച മുതല്‍ ഉത്തരവ് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം. കൂടുതല്‍ ടാക്സികള്‍ ഏര്‍പ്പെടുത്തുന്നതിനായി വിവിധ സംഘടനകളുമായി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും

Update: 2020-06-19 10:31 GMT

കൊച്ചി:വിമാന സര്‍വീസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൂടുതല്‍ ഡബിള്‍ ചേംബര്‍ ടാക്സികള്‍ സജ്ജമാക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.പുതിയ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വിമാനത്തിലെത്തുന്ന ആളുകള്‍ യാത്രക്കായി സ്വന്തമായി വാഹനങ്ങള്‍ ക്രമീകരിക്കുകയോ ടാക്സികളില്‍ യാത്ര ചെയ്യുകയോ ചെയ്യണം. തിങ്കളാഴ്ച മുതല്‍ ഉത്തരവ് പ്രാവര്‍ത്തികമാക്കാനാണ് തീരുമാനം. കൂടുതല്‍ ടാക്സികള്‍ ഏര്‍പ്പെടുത്തുന്നതിനായി വിവിധ സംഘടനകളുമായി യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.

എറണാകുളം ജില്ല ഭരണകൂടത്തിന് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ കൊവിഡ് കെയര്‍ സെന്ററുകള്‍ കോര്‍പറേഷന്റെ നിയന്ത്രണത്തിലേക്ക് കൈമാറാനും യോഗത്തില്‍ തീരുമാനമായി. ഇതോടെ കൊവിഡ് കെയര്‍ സെന്ററുകളുടെ പൂര്‍ണ ചുമതല കോര്‍പറേഷന്റേതാകും. അടുത്ത ഘട്ടത്തില്‍ നടത്തുന്ന ആന്റി ബോഡി പരിശോധനയില്‍ കൂടുതല്‍ പോലിസുകാരെയും കോര്‍പറേഷന്‍ ജീവനക്കാരെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തും. ഓരോ ജില്ലക്കും നിശ്ചിത എണ്ണം കിറ്റുകളാണ് ലഭിക്കുന്നത്. കൂടുതല്‍ വിഭാഗങ്ങളെ പരിശോധനയില്‍ ഉള്‍പ്പെടുത്തും.

മഴയും കടല്‍ ക്ഷോഭവും ശക്തമായ സാഹചര്യത്തില്‍ ചെല്ലാനം മേഖലയില്‍ ക്യാംപുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ കടല്‍ ക്ഷോഭം ശക്തമായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ക്യാംപുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്.യോഗത്തില്‍ കലക്ടര്‍ എസ് സുഹാസ്, മേയര്‍ സൗമിനി ജെയിന്‍, എസ് പി കെ കാര്‍ത്തിക്ക്, ഡിസിപി ജി പൂങ്കുഴലി, സബ് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, അസി. കലക്ടര്‍ എം എസ് മാധവിക്കുട്ടി, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോജക്ടര്‍ ഓഫീസര്‍ ഡോ. മാത്യൂസ് നുമ്പേലി പങ്കെടുത്തു. 

Tags:    

Similar News