ദേശീയപാത: കുടിയൊഴിപ്പിക്കലിനെതിരെ ശവമഞ്ചമേന്തി പ്രതിഷേധം

എറണാകുളം കൂനമ്മാവില്‍ ദേശീയപാത ഭൂമിയേറ്റെടുപ്പ് ഹിയറിംഗ് നടക്കുന്ന സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ഹാളിന് മുമ്പില്‍ സ്ഥലമെടുപ്പ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. ഹിയറിംഗില്‍ പങ്കെടുക്കാതെയും രേഖകള്‍ സമര്‍പ്പിക്കാതെയും നൂറു കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു

Update: 2021-02-23 11:32 GMT

കൊച്ചി: ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ നിലവിലുളള 30മീറ്ററില്‍ എലവേറ്റഡ് ഹൈവെ നിര്‍മ്മിക്കണമെന്നും കുടിയൊഴിപ്പിക്കല്‍ ആവര്‍ത്തിക്കേണ്ടി വരുന്ന 45 മീറ്റര്‍ പദ്ധതി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയപാത സംയുക്ത സമരസമിതി ശവമഞ്ചമേന്തി പ്രതിഷേധ സമരം നടത്തി. വീടും വരുമാനവും വ്യാപാരവും തൊഴിലുമടക്കം നഷ്ടപ്പെടുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ അന്യായമായി കുടിയൊഴിപ്പിച്ച് തെരുവാധാരാമാക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രതീകാത്മകമായി ശവമഞ്ചവുമേന്തി പ്രകടനം നടത്തിയത്. തുടര്‍ന്ന് എറണാകുളം കൂനമ്മാവില്‍ ദേശീയപാത ഭൂമിയേറ്റെടുപ്പ് ഹിയറിംഗ് നടക്കുന്ന സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ഹാളിന് മുമ്പില്‍ സ്ഥലമെടുപ്പ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിച്ചു. ഹിയറിംഗില്‍ പങ്കെടുക്കാതെയും രേഖകള്‍ സമര്‍പ്പിക്കാതെയും നൂറു കണക്കിന് പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

30 മീറ്ററില്‍ ആറു വരി ദേശീയപാതക്കെന്ന പേരില്‍ ഒരിക്കല്‍ കുടിയൊഴിപ്പിക്കപ്പെടുകയും രണ്ടു പ്രളയങ്ങള്‍ ബാധിക്കുകയും ഇപ്പോള്‍ കൊവിഡിന്റെ ഗുരുതരമായ കെടുതി അനുഭവിക്കുകയും ചെയ്യുന്ന നിസ്സഹായരായ ജനതയാണ് ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുളളതെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. നിര്‍ദ്ദിഷ്ട 45മീറ്റര്‍ പദ്ധതിയേക്കാള്‍ അഞ്ഞൂറിലധികം കോടി രൂപ കുറവില്‍ ഇരട്ടിയിലേറെ സൗകര്യങ്ങളോടെ എലവേറ്റഡ് ഹൈവെ നിര്‍മ്മിക്കാമെന്ന് സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നു. ജനങ്ങളുടെ നികുതി പണം അനാവശ്യമായി ചെലവഴിച്ച് കുടിയൊഴിപ്പിക്കല്‍ ആവര്‍ത്തിക്കുന്നത് അഴിമതി താല്‍പര്യം മുന്‍നിര്‍ത്തിയാണ്. വിഷയത്തില്‍ ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

പ്രഫ. കെ എന്‍ നാണപ്പന്‍ പിളള ഉദ്ഘാടനം ചെയ്തു. ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍ അധ്യക്ഷത വഹിച്ചു. ആലങ്ങാട് ബ്ലൊക്ക് പഞ്ചായത്ത് അംഗം റാണി മത്തായി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഹാഷിം ചേന്നാമ്പിളളി, കെ വി സത്യന്‍ മാസ്റ്റര്‍, തമ്പി മേനാച്ചേരി(വ്യാപാരി വ്യവസായി ഏകോപന സമിതി) ടോമി ചന്ദനപ്പറമ്പില്‍ (എല്‍സിഎംഎസ്), ജോയ് മേനാച്ചേരി(കേരള കോണ്‍ഗ്രസ് ജെ), സി വി ബോസ്, ടോമി അറക്കല്‍ പ്രസംഗിച്ചു.ജാഫര്‍ മംഗലശ്ശേരി, കെ എസ് സക്കരിയ, വി കെ സുബൈര്‍, രാജേഷ് കാട്ടില്‍, അഭിലാഷ്, സലീം, രാജേഷ് കാട്ടില്‍, മാര്‍ട്ടിന്‍, കെ.ഡി.ലോറന്‍സ് നേതൃത്വം നല്‍കി

Tags:    

Similar News