ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

ഡിവൈഎഫ്‌ഐ തീരദേശമേഖലാ സെക്രട്ടറിയായിരുന്ന കെ പി ഷംസുവിന്റെ സഹോദരനും സിപിഎം പ്രവര്‍ത്തകനുമായ കുപ്പന്റെ പുരയ്ക്കല്‍ മുഹീസ് (22), താഹമോന്‍ (22), ഇവരുടെ സുഹൃത്ത് വെളിച്ചാന്റെ പുരയ്ക്കല്‍ മഷ്ഹൂദ് എന്നിവരെയാണ് പോലിസ് അറസ്റ്റുചെയ്തത്.

Update: 2019-10-25 16:18 GMT

പരപ്പനങ്ങാടി: താനൂരിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്നുപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്‌ഐ തീരദേശമേഖലാ സെക്രട്ടറിയായിരുന്ന കെ പി ഷംസുവിന്റെ സഹോദരനും സിപിഎം പ്രവര്‍ത്തകനുമായ കുപ്പന്റെ പുരയ്ക്കല്‍ മുഹീസ് (22), താഹമോന്‍ (22), ഇവരുടെ സുഹൃത്ത് വെളിച്ചാന്റെ പുരയ്ക്കല്‍ മഷ്ഹൂദ് എന്നിവരെയാണ് പോലിസ് അറസ്റ്റുചെയ്തത്. പ്രതികളായ മൂന്നുപേരെ പരപ്പനങ്ങാടി റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പോലിസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പിടിയിലായവര്‍ മുഖ്യപ്രതികള്‍ തന്നെയാണെന്ന് പോലിസ് പറഞ്ഞു. തീവണ്ടി മാര്‍ഗം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പോലിസ് പിടികൂടിയത്. ഇവരെ പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്.

ഡിവൈഎഫ്‌ഐ തീരദേശമേഖല സെക്രട്ടറിയായിരുന്ന കെ പി ഷംസുവിന്റെ മൂന്ന് സഹോദരങ്ങളുടെ നേതൃത്വത്തിലാണ് കൊല നടത്തിയതെന്ന് പോലിസിന് വ്യക്തമായിട്ടുണ്ട്. കൊലപാതകത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരില്‍നിന്നും കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ സഹോദരില്‍നിന്നുമാണ് കൊലയാളി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. ബന്ധുവായ ശംസുവിനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് അയല്‍വാസി കൂടിയായ ഇസ്ഹാഖിനെ കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. രാഷ്ട്രീയവിരോധമല്ല, ബന്ധുവിനോട് ചെയ്ത പ്രതികാരമെന്നാണ് ചോദ്യംചെയ്യലില്‍ ഇവര്‍ പോലിസിനോട് പറഞ്ഞത്.

Tags:    

Similar News