യുഡിഎഫിന്റെ ഘടകകക്ഷികളുടെ പിന്നാലെ അലയുന്ന സിപിഎമ്മിന്റെ അവസ്ഥ ദയനീയം: മുല്ലപ്പള്ളി രാമചന്ദ്രന്‍

എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ സ്വഭാവം കാരണം മുമ്പും പല പാര്‍ട്ടികളും ഇടതുമുന്നണി വിട്ടുപോയിട്ടുണ്ട്. ഇപ്പോഴും പലരും അസംതൃപ്തരാണ്. ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായി.

Update: 2020-06-06 15:52 GMT

തിരുവനന്തപുരം: ഭരണരംഗത്ത് തികച്ചും പരാജയപ്പെട്ട ഒരു മുന്നണിയെന്ന നിലയില്‍ ജനവിശ്വാസം നഷ്ടപ്പെട്ടെന്ന ഭയംകൊണ്ടാണ് മുന്നണി വിപുലപ്പെടുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന്റെ ഘടകകക്ഷികളുടെ പിറകെ അലയുന്ന സിപിഎമ്മിന്റെ അവസ്ഥ ദയനീയമാണ്. എല്‍ഡിഎഫില്‍ സിപിഎമ്മിന്റെ വല്യേട്ടന്‍ സ്വഭാവം കാരണം മുമ്പും പല പാര്‍ട്ടികളും ഇടതുമുന്നണി വിട്ടുപോയിട്ടുണ്ട്. ഇപ്പോഴും പലരും അസംതൃപ്തരാണ്. ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം നഷ്ടമായി.

പമ്പ ത്രിവേണിയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സിപിഐ സ്വീകരിച്ച നിലപാടിനും വനംമന്ത്രി സ്വീകരിച്ച നിലപടിനും കടകവിരുദ്ധമാണ് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും സ്വീകരിക്കുന്ന നിലപാട്. അവസരോചിതമായി രാഷ്ട്രീയനിലപാട് മാറ്റുകയെന്നതാണ് സിപിഎം എന്നും സ്വീകരിച്ച സമീപനം. കേരള കോണ്‍ഗ്രസിനെയും കെ എം മാണിയെയും പരസ്യമായി പലവട്ടം അധിക്ഷേപിച്ചവരാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള ഇടതുനേതാക്കള്‍. തികഞ്ഞ ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് യുഡിഎഫ്. ഘടകകക്ഷികള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സമവായത്തിലൂടെ മുന്നോട്ടുപോയ സമീപനം മാത്രമേ ഞങ്ങള്‍ക്കൂള്ളൂ. എന്നാല്‍, എല്‍ഡിഎഫ് അങ്ങനെയല്ല.

സിപിഎമ്മിന്റെ നയങ്ങള്‍ മാത്രം അടിച്ചേല്‍പ്പിക്കാനാണ് എന്നും ശ്രമം. സിപിഎമ്മിന്റെ ഏകാധിപത്യനിലപാടില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്പി ഇടതുമുന്നണി വിട്ടതും യുഡിഎഫിന്റെ ഭാഗമായതും. ആ ചരിത്രം കോടിയേരി ബാലകൃഷ്ണന്‍ മറക്കരുതെന്നും മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു. അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രമാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസിനെ തകര്‍ത്ത് എങ്ങനെയും അധികാരം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തീവ്രവര്‍ഗീയസ്വഭാവമുള്ള ചില രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി സമീപകാലത്ത് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയ പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കുറിച്ച് അഭിപ്രായം പറയാന്‍ സിപിഎമ്മിന് യാതൊരു ധാര്‍മിക അവകാശവുമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News