മോട്ടോര്‍ വാഹന നിയമഭേദഗതി: കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് മന്ത്രി എ കെ ബാലന്‍

പിഴയില്‍ ഇളവുവരുത്തുന്നതില്‍ സംസ്ഥാനത്തിന് പരിമിതികളുണ്ട്. നിയമത്തിന്റെ ഉളളില്‍നിന്നുകൊണ്ട് ജനങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലും ഉയര്‍ന്നതുക ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്.

Update: 2019-09-15 12:33 GMT

പാലക്കാട്: മോട്ടോര്‍ വാഹന നിയമഭേദഗതിയില്‍ പുനപ്പരിശോധനയല്ല പകരം കേന്ദ്രം അടിയന്തരമായി പുതിയ ഓര്‍ഡിനന്‍സ് ഇറക്കുകയാണ് വേണ്ടതെന്ന് മന്ത്രി എ കെ ബാലന്‍. ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചലുത്താന്‍ എംപിമാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിഴയില്‍ ഇളവുവരുത്തുന്നതില്‍ സംസ്ഥാനത്തിന് പരിമിതികളുണ്ട്. നിയമത്തിന്റെ ഉളളില്‍നിന്നുകൊണ്ട് ജനങ്ങള്‍ക്ക് പരമാവധി സഹായം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പോലും ഉയര്‍ന്നതുക ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്.

നിലവിലെ നിയമം വാഹനവ്യവസായത്തെ തന്നെ ഇല്ലാതാക്കും. എങ്ങനെയാണ് ഇത്തരത്തിലുളള നിയമം രാജ്യത്ത് നടപ്പായതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പിഴത്തുക കുറയ്ക്കുന്നതിന്റെ സാധ്യത തേടാന്‍ നാളെ ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരാനിരിക്കെ കേന്ദ്രനിലപാടില്‍ അവ്യക്തത തുടരുകയാണ്. ഇതിനിടെയാണ് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി പ്രശ്‌നപരിഹാരം കാണണമെന്ന ആവശ്യവുമായി എ കെ ബാലന്‍ രംഗത്തെത്തിയിരിക്കുന്നത്.

മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയത്. എന്നാല്‍, കേരളത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല. പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് പറഞ്ഞ ഗഡ്കരി, പിന്നീട് മലക്കം മറിഞ്ഞതും ആശയക്കുഴപ്പം കൂട്ടുന്നു. കേന്ദ്രനിലപാടില്‍ അവ്യക്തത തുടരുമ്പോള്‍ നാളെ ഗതാഗതമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തിലും തീരുമാനങ്ങളെടുക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. 

Tags:    

Similar News