പോലിസിലെ ആയുധങ്ങള്‍ കാണാതായത് എന്‍ഐഎയും സാമ്പത്തിക ക്രമക്കേട് സിബിഐയും അന്വേഷിക്കണം: പ്രതിപക്ഷം

മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ബെഹ്‌റയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി വേണം ഇക്കാര്യത്തിലെ അന്വേഷണങ്ങള്‍ നടത്തേണ്ടത്.

Update: 2020-02-12 12:18 GMT

തിരുവനന്തപുരം: സംസ്ഥാന പോലിസിനെതിരേയും പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുള്‍പ്പടെയുള്ളവര്‍ക്കുനേരെയും ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന സിഎജി റിപോര്‍ട്ടിന്‍മേല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. സംസ്ഥാന പോലിസിലെ ആയുധങ്ങള്‍ കാണാതായതിനെക്കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയിലെ മീഡിയാറൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

ആയുധങ്ങള്‍ കാണാതായ സംഭവം അതീവഗൗരവമുള്ളതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതിനാല്‍, ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണം വേണം. കാണാതായത് ഒരുമിനിറ്റില്‍ ആയിരം പേരെ കൊല്ലാന്‍ ശേഷിയുള്ള തോക്കുകളാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമുണ്ടാവാത്ത ഗുരുതര സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എസ്എപി ക്യാംപില്‍നിന്ന് 25 തോക്കുകളും 12,061 വെടിയുണ്ടകളും കാണാതായെന്നായിരുന്നു സിഎജി റിപോര്‍ട്ട്.

ഒപ്പം പോലിസുമായി ബന്ധപ്പെട്ട് സിഎജി റിപോര്‍ട്ടില്‍ വിശദീകരിക്കുന്ന മറ്റ് കണ്ടെത്തലുകളിന്‍മേല്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ബെഹ്‌റയെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി വേണം ഇക്കാര്യത്തിലെ അന്വേഷണങ്ങള്‍ നടത്തേണ്ടത്. വിഷയത്തില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് പോലിസ് വകുപ്പിലെ അഴിമതികള്‍ സംബന്ധിച്ച് നടത്തിയ ആരോപണങ്ങള്‍ എല്ലാം ശരിവയ്ക്കുന്നതാണ് സിഎജി റിപോര്‍ട്ടിലെ കണ്ടെത്തലുകളെന്നും കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News