ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇബ്രിക്കു സനീപം അറാഖിയില്‍ സൂപര്‍മാര്‍ക്കറ്റ് നടത്തുന്ന ഇരുവരും അമലയിലെ ഇവരുടെ മറ്റൊരു കടയിലേക്ക് പോവുമ്പോഴാണ് അപകടത്തില്‍പെട്ടത്

Update: 2020-03-23 13:06 GMT

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മസ്‌കത്തില്‍ നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കു സനമീപം ഖുബാറയില്‍ കാണാതായ കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി സ്വദേശി ബിജീഷ്, കൊല്ലം സ്വദേശി സുജിത്ത് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ വാഹനം ഒഴുക്കില്‍പെട്ട സ്ഥലത്തുനിന്ന് അല്‍പം അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സിവില്‍ ഡിഫന്‍സും മലയാളികളായ സാമൂഹിക പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

    ഇബ്രിക്കു സനീപം അറാഖിയില്‍ സൂപര്‍മാര്‍ക്കറ്റ് നടത്തുന്ന ഇരുവരും അമലയിലെ ഇവരുടെ മറ്റൊരു കടയിലേക്ക് പോവുമ്പോഴാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് വാഹനം ഒഴുക്കില്‍ പെട്ടത്. ഒഴുക്കില്‍പെട്ട വാഹനത്തില്‍ കുടുങ്ങിപ്പോയ ഇവര്‍ സുഹൃത്തിനെ വിളിക്കുകയും ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെ അയച്ചുകൊടുത്തിരുന്നു. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുകയും രാത്രി തന്നെ തിരച്ചില്‍ ആരംഭിക്കുകയും വാഹനം കണ്ടെത്തുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിച്ച് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ബിജീഷിന്റെ മൃതദേഹം കണ്ടെത്തി. ഉച്ചയോടെയാണ് അല്‍പ്പം ദൂരെനിന്ന് സുജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സുജിത്തിന്റെ മാതാപിതാക്കളും ഭാര്യയും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഒമാനിലാണ്. ബിജീഷും കുടുംബസമേതമാണ് താമസം.




Tags: