മീഡിയ വണ്‍ സംപ്രേഷണ വിലക്ക്, എം വി നികേഷ് കുമാറിനെതിരേയുള്ള കേസ്: ഭരണകൂട മാധ്യമ വേട്ടക്കെതിരെ പ്രതിഷേധിക്കുക - ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് നടപടികള്‍ക്ക് എതിരേ മുഴുവന്‍ ജനാധിപത്യ പോരാളികളും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Update: 2022-01-31 16:50 GMT

തിരുവനന്തപുരം: കൃത്യമായ കാരണം പോലും പറയാതെ ഏകപക്ഷീയമായി നടപ്പിലാക്കിയ മീഡിയ വണ്‍ സംപ്രേഷണ വിലക്ക് സംഘ് പരിവാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസത്തിന്റെ മാധ്യമ വേട്ടയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. 'രാജ്യ സുരക്ഷ' എന്ന പദാവലിക്ക് അകത്ത് എതിരഭിപ്രായങ്ങളെയും വിമര്‍ശനങ്ങളെയും റദ്ദ് ചെയ്യുന്ന നടപടികളാണ് കേന്ദ്ര ഭരണകൂടം നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ ഹിന്ദുത്വ ഫാസിസ്റ്റ് നടപടികള്‍ക്ക് എതിരേ മുഴുവന്‍ ജനാധിപത്യ പോരാളികളും രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.


നടിയെ ആക്രമിച്ച കേസില്‍ പ്രതിക്ക് എതിരേയുള്ള വാര്‍ത്ത നല്‍കി എന്ന കാരണം പറഞ്ഞാണ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ എം വി നികേഷ് കുമാറിനെതിരേ പോലീസ് സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. സത്യസന്ധമായതും നീതിപൂര്‍വ്വകവുമായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനെതിരേ ഭരണകൂട പോലിസ് സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.


മാധ്യമങ്ങള്‍ എന്നത് ജനാധിപത്യത്തിന്റെ തന്നെ നാലാം തൂണായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനാധിപത്യ സംവിധാനത്തിനകത്തെ മാധ്യമ പ്രവര്‍ത്തന പ്രാധാന്യത്തെ റദ്ദ് ചെയ്യുന്നത് ജനാധിപത്യ ജാഗ്രതയെ തന്നെ റദ്ദ് ചെയ്യുന്നതിന് തുല്യമാണ്. മൗലികാവകാശങ്ങളില്‍ ഒന്നായ മാധ്യമ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനല്ല സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കാണ് ഭരണകൂടങ്ങള്‍ തയ്യാറാകാണ്ടത് എന്ന് ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തനവുമായ ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കാന്‍ ഭരണകൂടവും മാധ്യമ സ്ഥാപനങ്ങളും നിയമവിദഗ്ധരും മുന്നോട്ട് വരണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ എസ് മുജീബുറഹ്മാന്‍, അര്‍ച്ചന പ്രജിത്ത്, കെ കെ അഷ്‌റഫ്, കെ എം ഷെഫ്‌റിന്‍, ഫസ്‌ന മിയാന്‍, മഹേഷ് തോന്നക്കല്‍, സനല്‍ കുമാര്‍, ഫാത്തിമ നൗറിന്‍ സംസാരിച്ചു.



 

Tags:    

Similar News