മയക്കുമരുന്നും കള്ളക്കടത്തും പിടികൂടാന്‍ നെടുമ്പാശ്ശേരിയിയില്‍ അത്യാധൂനിക യന്ത്രം സ്ഥാപിക്കുന്നു

സാധാരണ ഗതിയില്‍ സംശയമുളള ബാഗേജുകളും മറ്റുമാണ് വിശദമായി പരിശോധിക്കുന്നത്.

Update: 2019-01-04 11:48 GMT

കൊച്ചി: വിമാമാര്‍ഗമുള്ള കള്ളക്കടത്തും മയക്കു മരുന്നു കടത്തും തടയാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ അത്യാധുനിക സജ്ജീകരണമുള്ള അതീവ ശേഷിയുള്ള സ്‌കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ സിവില്‍ ഏവിയേഷന്‍ തയാറെടുക്കുന്നു.ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങളില്‍ മയക്കു മരുന്നു കടത്ത് തടയുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് എക്‌സൈസ് കമ്മിഷ്ണര്‍ ഋഷിരാജ് സിങ് അറിയിച്ചു. ഇതിനുള്ള നടപടികള്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റി തുടങ്ങി കഴിഞ്ഞു. ഏപ്രിലോടെ ഇത് സ്ഥാപിക്കും.നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള ലഹരി കടത്തു വ്യാപകമായതിനെ തുടര്‍ന്നു സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റി ഡയറക്റ്റര്‍ ജനറല്‍ കുമാര്‍ രാജേഷ് ചന്ദ്രയുമായി എക്‌സൈസ് കമ്മിഷണര്‍ നടത്തിയ ചര്‍ച്ചയിലാണ് നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധന സംവിധാനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനമായത്. സാധാരണ ഗതിയില്‍ സംശയമുളള ബാഗേജുകളും മറ്റുമാണ് വിശദമായി പരിശോധിക്കുന്നത്. എന്നാല്‍ അത്യാധുനിക സംവിധാനം സ്ഥാപിക്കുന്നതോടെ മുഴുവന്‍ ബാഗേജുകളുടെ ഉള്ളും പരിശോധിക്കാന്‍ കഴിയുകയും എവിടെ ഒളിപ്പിച്ചാലും മയക്കു മരുന്ന് അടക്കമുള്ളവ കണ്ടെത്താന്‍ കഴിയുകയും ചെയ്യും.കഴിഞ്ഞ ഫെബ്രുവരിയില്‍ അങ്കമാലി അത്താണിയിലും സെപ്റ്റംബറില്‍ എറണാകുളം നഗരത്തിലും പിടികൂടിയ എംഡിഎംഎ ലഹരിമരുന്ന് വിമാനത്താവളം വഴി വിദേശത്തേക്കു കടത്താന്‍ കൊണ്ടുവന്നതാണെന്നു കണ്ടെത്തിയിരുന്നു. ഈ കേസുകളില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മുന്‍പു നിരവധി തവണ കൊച്ചി വഴി വിദേശത്തേക്ക് മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണു ഋഷിരാജ് സിങ് ഡല്‍ഹിയില്‍ എത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യുരിറ്റി ഡയറക്റ്റര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്. കരിപ്പൂര്‍, കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. വിയറ്റ്‌നാം, മലേസ്യ, തായ്‌ലന്‍ഡ് തുടങ്ങിയ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള മയക്കുമരുന്നു കടത്തു കൊച്ചി വഴിയാണ്. ഇവിടെ നിന്നു കടല്‍ വഴിയും വ്യോമ മാര്‍ഗവും മയക്കു മരുന്നു കടത്തു നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ പിടികൂടിയ എംഡിഎംഎ കൊറിയര്‍ സര്‍വീസില്‍ നെടുമ്പാശേരി വിമാനത്താവളം വഴി മലേസ്യയിലേക്ക് കടത്താന്‍ കൊണ്ടുവന്നതായിരുന്നു.

Tags: