മസാല ബോണ്ട്: ഭരണ- പ്രതിപക്ഷ വാക്പോര് തുടരുന്നു

കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട് കനേഡിയന്‍ കമ്പനി മാത്രം വാങ്ങിയതെങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംശയം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവിനുണ്ടായ ഇച്ഛാഭംഗം തനിക്ക് ഊഹിക്കാമെന്ന് ധനമന്ത്രിയും പ്രതികരിച്ചു.

Update: 2019-04-09 09:16 GMT

തിരുവനന്തപുരം: മസാല ബോണ്ടിനെ ചൊല്ലി പ്രതിപക്ഷ- ഭരണ വാക്പോര് തുടരുന്നു. കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട് കനേഡിയന്‍ കമ്പനി മാത്രം വാങ്ങിയതെങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംശയം പ്രകടിപ്പിച്ചു. മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് കനേഡിയന്‍ കമ്പനിയായ സിഡിബിക്യു എങ്ങനെയാണ്  വിവരം അറിഞ്ഞത്. കാനഡയിലെ ലാവലിൻ സഖ്യ കമ്പനി ബോണ്ട് കച്ചവടമാക്കിയത് മുഖ്യമന്ത്രിയുമായുള്ള പഴയ ബന്ധം വഴിയാണ്. ലാവലിൻ കമ്പനിയെ സഹായിക്കാനുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നത്.

ഇതിന് എത്ര കമ്മീഷൻ കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മസാലബോണ്ടിന്റെ കാലാവധി എത്രയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.  കേരള ജനതയെ  കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് മസാല ബോണ്ട്. ഉയർന്ന പലിശ ഈടാക്കുന്നത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ്. പലിശ കുറവാണെന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നതായും ചെന്നിത്തല പറഞ്ഞു.

എന്നാൽ, ഫണ്ട് നല്‍കുന്ന ഏജന്‍സി ആര്‍ക്കൊക്കെ പണം നല്‍കുന്നുവെന്ന് അന്വേഷിക്കലാണോ സര്‍ക്കാരിന്റെ പണിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തുവന്നു. കിഫ്ബിയുടെ മസാലാ ബോണ്ടിൽ 2150 കോടിയുടെ നിക്ഷേപമെത്തിയ വാർത്ത മാധ്യമങ്ങൾ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചത് കണ്ടപ്പോൾ പ്രതിപക്ഷ നേതാവിനുണ്ടായ ഇച്ഛാഭംഗം തനിക്ക് ഊഹിക്കാമെന്ന് ധനമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഒറ്റക്കേൾവിയിൽ ചിരിച്ചു തള്ളിക്കളയാനുള്ള വിലപോലുമില്ലാത്ത വിധം അപ്രസക്തമായ പദവിയായി പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തെ രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തുകയാണ്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ നിരന്തരം വിഡ്ഢിത്തരങ്ങൾ പറഞ്ഞാലേ വഴിയുള്ളൂ എന്ന പരിതാപകരമായ അവസ്ഥയിലാണദ്ദേഹം. എനിക്കദ്ദേഹത്തോട് സഹതാപം മാത്രമേയുള്ളുവെന്നും ധനമന്ത്രി തന്‍റെ എഫ്ബി പോസ്റ്റില്‍ കുറിച്ചു.  

Tags:    

Similar News