ബഹ്‌റൈനിലേക്ക് പോയ യുവാവിന് കൊവിഡ് ബാധിച്ച സംഭവം: ആശങ്കയൊഴിയാതെ പയ്യോളി

പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഭാര്യയും ബന്ധുക്കളുമടക്കമുള്ള പത്ത് പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് സാംപിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.

Update: 2020-06-06 17:27 GMT

പയ്യോളി: ജൂണ്‍ രണ്ടിന് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ പയ്യോളി സ്വദേശിക്ക് കൊവിഡ് സ്ഥിരീ കരിച്ച സംഭവത്തില്‍ ആശങ്കയൊഴിയാതെ നാടും പരിസരവും. രോഗം പകര്‍ന്നത് നാട്ടില്‍ വെച്ച് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനാവാത്തത് ആരോഗ്യ പ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരുപോലെ പ്രയാസപ്പെടുത്തിയിരിക്കുകയാണ്. പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഭാര്യയും ബന്ധുക്കളുമടക്കമുള്ള പത്ത് പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് സാംപിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമേ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപന സാധ്യത കണ്ടെത്താനാവുകയുള്ളൂ.

നിരവധി പേരുമായുള്ള ഇയാളുടെ സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് മേഖലയില്‍ സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടാത്ത പയ്യോളിയില്‍ നിന്ന് രോഗം വരാനുള്ള സാധ്യതയില്ലെന്നിരിക്കെ നാട്ടിലുണ്ടായിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ യാത്ര സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ രോഗം വന്ന ഉറവിടം കണ്ടെത്താനാവുകയുള്ളൂ. ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള കൊവിഡ് ചികില്‍സാ ക്യാംപിലാണ് ഇദ്ദേഹമിപ്പോഴുള്ളത് .

ലോക്ക്ഡൗണിന് മുമ്പ് മാര്‍ച്ചില്‍ പാലക്കാട് പോയ ശേഷം, ഒരു തവണ കരിപ്പൂര്‍ വിമാനത്താവളത്തിലും , മറ്റൊരു തവണ കോഴിക്കോട്ടേക്കും വിദേശയാത്ര സംബന്ധമായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ദൂരയാത്ര നടത്തിയതായി ഇതുവരെ ലഭിച്ച വിവരം. ഇയാള്‍ പണമിടപാട് നടത്തിയ പയ്യോളി പേരാമ്പ്ര റോഡിലെ എസ്ബിഐ ശാഖ ഇന്ന് അണുനശീകരണം നടത്താനായി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ബാങ്ക് ജീവനക്കാര്‍ ഹോം ക്വാറന്റെയിനിലേക്ക് പ്രവേശിക്കേണ്ടതിനാലാണ് ശാഖ അടച്ചത്. കൂടാതെ ഇദ്ദേഹം സന്ദര്‍ശിച്ച നഗരസഭ ഓഫിസും അണുവിമുക്തമാക്കിയ ശേഷം ശനിയാഴ്ച താത്ക്കാലികമായി അടച്ചിട്ടു. ടിക്കറ്റെടുത്ത ട്രാവല്‍ ഏജന്‍സി, ബാര്‍ബര്‍ ഷോപ്പ് , ഇദ്ദേഹത്തിന്റെ ഭാര്യ ജോലി ചെയ്യുന്ന റെഡിമെയ്ഡ് കട തുടങ്ങിയ സ്ഥാപനങ്ങളും രോഗവ്യാപന സാധ്യത കണക്കിലെടുത്ത് താത്ക്കാലികമായി അടച്ചിട്ടു.






Tags:    

Similar News