മറുനാടന്‍ മലയാളികളുടെ മടക്കം; സര്‍ക്കാരിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് മുല്ലപ്പള്ളി

കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്ന മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ വലിയ ഭീതിയിലും ആശങ്കയിലുമാണ്.

Update: 2020-05-07 08:22 GMT

തിരുവനന്തപുരം: ലോക്ക് ഡൗണിനത്തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരികെയെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജസ്ഥാന്‍, പഞ്ചാബ്, ഛത്തീസ്ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അവരുടെ പൗരന്‍മാരെ തിരികെ അതത് സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ഥതയും ജാഗ്രതയും കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നുണ്ടാവുന്നില്ല. വിദ്യാര്‍ഥികള്‍, ജോലിതേടിപ്പോയവര്‍, രോഗികള്‍, ബിസിനസ് ഉള്‍പ്പടെയുള്ള മറ്റാവശ്യങ്ങള്‍ക്കായിപ്പോയ പതിനായിരക്കണക്കിന് പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.

പൊതുഗതാഗതം അനുവദനീയമല്ലാത്തതിനാല്‍ ഇവര്‍ക്ക് സ്വമേധയാ കേരളത്തിലെത്താന്‍ സാധ്യമല്ല. പ്രത്യേക ട്രെയിന്‍, ബസ്സുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ഓരോ സംസ്ഥാനവും അവരുടെ പൗരന്‍മാരെ മടക്കിക്കൊണ്ടുപോവുന്നത്. മലയാളികളെ തിരികെയെത്തിക്കാന്‍ പ്രത്യേക ട്രെയിനിനായുള്ള ശക്തമായ സമ്മര്‍ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തുന്നകാര്യത്തില്‍ കേരള സര്‍ക്കാരിന് അക്ഷന്തവ്യമായ വീഴ്ചയാണുണ്ടായത്. പ്രതിപക്ഷത്തിന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഒരു വഴിപാടെന്നപോലെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതിനപ്പുറം ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഒന്നും ചെയ്യുന്നില്ല.

കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്ന മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ വലിയ ഭീതിയിലും ആശങ്കയിലുമാണ്. ഇവിടങ്ങളിലെ മലയാളികളെ എത്രയും വേഗം തിരികെയെത്തിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ അനങ്ങാപ്പാറനയമാണ് സ്വീകരിക്കുന്നത്. ഭയാനകമായി രോഗം വ്യാപിക്കുന്ന അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും പോലും മലയാളികളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനായി പ്രത്യേക ബസ് സര്‍വീസ് നടത്താനുള്ള വിവേചനബുദ്ധിപോലും മുഖ്യമന്ത്രി കാണിക്കുന്നില്ല. ഇതില്‍നിന്നുതന്നെ മുഖ്യമന്ത്രിക്ക് മറുനാടന്‍ മലായളികളോടുള്ള ആത്മാര്‍ഥതയില്ലായ്മ പ്രകടമാണ്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന കെഎസ്ആര്‍ടിസി ബസ്സുകളില്‍ ഇവരെ സുരക്ഷിതമായി തിരികെയെത്തിക്കാവുന്നതാണ്. അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ക്ക് പോലും വാഹനസൗകര്യം ഒരുക്കിനല്‍കാത്ത മുഖ്യമന്ത്രിയാണ് വൈകുന്നേരങ്ങളില്‍ ടിവി ഷോ നടത്തി ജനങ്ങള്‍ക്ക് സാരോപദേശം നല്‍കുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.  

Tags:    

Similar News