തിരുവല്ലയില്‍ ബിജെപി സ്ഥാനാര്‍ഥിയെ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

Update: 2021-03-15 17:51 GMT

പത്തനംതിട്ട: തിരുവല്ലയില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിജെപി സ്ഥാനാര്‍ഥിയെ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. സ്ഥാനാര്‍ഥിയും ബി.ജെ.പി ജില്ല പ്രസിഡന്റുമായ അശോകന്‍ കുളനടയെയാണ് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞത്. തുടര്‍ന്ന് പ്രതിഷേധ പ്രകടനവും നടത്തി.

കുടുംബയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ തടഞ്ഞത്. പത്ത് പഞ്ചായത്തിലെയും നഗരസഭയിലെയും കമ്മിറ്റി ഭാരവാഹികളും മഹിള മോര്‍ച്ച ഭാരവാഹികളും രാജിപ്രഖ്യാപിക്കുകയും ചെയ്തു.

യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി തിരുവല്ലയില്‍ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പകരം ബിജെപി ജില്ല പ്രസിഡന്റ് അശോകന്‍ കുളനടയെ സ്ഥാനാര്‍ഥിയാക്കിയതാണ് പ്രതിഷേധത്തിന് കാരണം.

അനൂപ് ആന്റണി മാസങ്ങള്‍ക്കു മുമ്പുതന്നെ തിരുവല്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ അനൂപ് ആന്റണി അമ്പലപ്പുഴയിലും അശോകന്‍ കുളനട തിരുവല്ലയിലും സ്ഥാനാര്‍ഥിയായി.

Tags: