യുഎൻഎ സാമ്പത്തിക തിരിമറി: നാല് പ്രതികൾക്കെതിരേ വിമാ‌നത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡ‍ിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് അപേക്ഷപ്രകാരമാണ് സർക്കുലർ.

Update: 2019-09-19 07:15 GMT

തിരുവനന്തപുരം: യുനൈറ്റഡ് നഴ്സസ് അസോസിയേഷനിലെ(യുഎൻഎ) സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നാല് പ്രതികൾക്കെതിരേ വിമാ‌നത്താവളങ്ങളിൽ കേന്ദ്രസർക്കാർ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തുള്ള പ്രതികള്‍ വിമാനത്താവളങ്ങളിലെത്തിയാല്‍ കസ്റ്റഡ‍ിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ച് അപേക്ഷപ്രകാരമാണ് സർക്കുലർ. 

ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷായും സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫും അടക്കം നാല് പ്രതികൾക്കെതിരെയാണ് ലുക്കൗട്ട് സർക്കുലർ. നേരത്തേ വാർത്താ മാധ്യമങ്ങളിലടക്കം ഇവർക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്.

ജാസ്മിൻ ഷാ അടക്കമുള്ള നാല് പ്രതികൾ ജൂലൈ 19ന് നെടുമ്പാശ്ശേരിയിൽ നിന്ന് ഖത്തറിലേക്ക് പോയിരുന്നു. ഇവർ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങുകയാണെങ്കിൽ അറസ്റ്റ് ചെയ്യാനാണ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയത്.

പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് നേരത്തേ ക്രൈംബ്രാഞ്ചിന്‍റെ ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പോലിസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.

Tags:    

Similar News