പോലിസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറി; രമേശ് ചെന്നിത്തലയുടെ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

ഈ മാസം 17 ന് മുമ്പ് സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.അതേ സമയം നോഡല്‍ ഓഫിസറെ നിയമിച്ചത് നിയമപരമായ തീരുമാനമാണെന്ന് തിഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു

Update: 2019-05-14 10:02 GMT

കൊച്ചി: പോലിസിന്റെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഈ മാസം 17 ന് മുമ്പ് സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.അതേ സമയം നോഡല്‍ ഓഫിസറെ നിയമിച്ചത് നിയമപരമായ തീരുമാനമാണെന്ന് തിഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.ഇതില്‍ തിരിമറി നടന്നിട്ടില്ലെന്നും അതിനു സാധ്യതയില്ലെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.ഈ മാസം 20 ന് വീണ്ടും കേസ് കോടതി പരിഗണിക്കും.

പോലിസ് ഉദ്യോഗസ്ഥര്‍ ചെയ്ത മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും ആരോപണത്തെ സംബന്ധിച്ച് എഡിജിപിയുടെ റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ സ്വതന്ത്ര കമ്മീഷനെ വച്ച് അന്വേഷണം നടത്താന്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല പ്രധാനമായും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കൃത്യത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. എ ഡി ജി പി യുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ പുറത്തു വന്ന എല്ലാ അട്ടിമറികളും സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ കൊണ്ടു അനോഷിപ്പിക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ദേശം നല്‍കണം. പോലിസിനെതിരെയുള്ള ആരോപണത്തില്‍ സംസ്ഥാന പോലിസ് നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ല. അതു കൊണ്ട് സ്വതന്ത്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍, തിരഞ്ഞെടുപ്പ് ചീഫ് ഓഫിസര്‍, സംസ്ഥാന പോലിസ് മേധാവി, എഡിജിപി ( ഇന്റലിജന്‍സ്), സംസ്ഥാന സര്‍ക്കാര്‍ എന്നിവരാണ് എകക്ഷികള്‍.മുതിര്‍ന്ന അഭിഭാഷകന്‍ ടി ആസഫലി, ടി വൈ ലാലിസ എന്നിവര്‍ മുഖേനയാണ് രമേശ് ചെന്നിത്തല ഹരജി സമര്‍പ്പിച്ചത്. പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ ഉപകരണമായി പ്രവര്‍ത്തിച്ചു. തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ഗുരുതര കൃത്യവിലോപമാണുണ്ടായത്. അസോസിയേഷന്‍ ഭാരവാഹികള്‍ പോസ്റ്റോഫിസുകളില്‍ നിന്നു ബാലറ്റുകള്‍ ശേഖരിച്ച് യഥാര്‍ഥ വോട്ടര്‍മാര്‍ക്ക് പകരക്കാരായി വോട്ടു ചെയ്തുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ ഞെട്ടലുളവാക്കിയെന്നും ഹരജിയില്‍ പറയുന്നു. 55,000 ലധികം വോട്ടുകള്‍ യഥാര്‍ഥ വോട്ടര്‍മാര്‍ക്കു പകരമായി പോലിസ് അസോസിയേഷന്‍ ഭാരവാഹികള്‍ ചെയ്തിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഓരോ വോട്ടര്‍ക്കും ഭയമില്ലാതെ രഹസ്യമായും സ്വകാര്യമായും ചെയ്യേണ്ട പ്രക്രിയയാണ് വോട്ട്. ഇതിനു ഭംഗം വരുന്ന രീതിയില്‍ റിട്ടേണിങ് ഓഫിസര്‍മാരുമായി ബന്ധമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഹരജിയില്‍ പറയുന്നു.

Tags: