യാത്രാപാസ്: ആശയക്കുഴപ്പം നിലവിലുണ്ടെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

അത്യാവശ്യകാര്യങ്ങള്‍ക്ക് സഞ്ചരിക്കാനാണ് പോലിസ് പാസ് സംവിധാനം. ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്ക് പോലിസ് പാസ് നല്‍കില്ല. എല്ലാ ദിവസവും ജില്ല വിട്ടുപോയിവരുന്നതിനും പാസ് ലഭിക്കില്ല.

Update: 2020-05-05 15:11 GMT

തിരുവനന്തപുരം: യാത്രാപാസുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങള്‍ നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍- സ്വകാര്യ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ഐഎസ്ആര്‍ഒ, ഐടി മേഖലകളില്‍ ഉള്ളവര്‍, ഡാറ്റാ സെന്റര്‍ ജീവനക്കാര്‍ മുതലായവര്‍ മറ്റ് ജില്ലകളിലേക്ക് യാത്രചെയ്യുന്നതിന് പോലിസ് പാസ് വാങ്ങേണ്ടതില്ല. ഇവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാവും. വൈകീട്ട് ഏഴുമണി മുതല്‍ അടുത്തദിവസം രാവിലെ ഏഴുമണി വരെയുളള യാത്രാനിരോധനവും ഇവര്‍ക്ക് ബാധകല്ല. അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെടാത്തവര്‍ക്കാണ് അത് ബാധകമാവുക.

വളരെ അത്യാവശ്യമുളള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകീട്ട് ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ യാത്രപാടില്ല. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനാണ് ഈ നിയന്ത്രണം. അത്യാവശ്യകാര്യങ്ങള്‍ക്ക് സഞ്ചരിക്കാനാണ് പോലിസ് പാസ് സംവിധാനം. ഹോട്ട്‌സ്‌പോട്ട് മേഖലകളിലേക്ക് പോലിസ് പാസ് നല്‍കില്ല. എല്ലാ ദിവസവും ജില്ല വിട്ടുപോയിവരുന്നതിനും പാസ് ലഭിക്കില്ല. ജില്ലാന്തര യാത്രകള്‍ക്ക് തടസ്സമില്ല. താമസിക്കുന്ന പ്രദേശത്തെ പോലിസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും. സംസ്ഥാനത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, പല സാധനങ്ങള്‍ക്കും അമിതവില ഈടാക്കുന്നുണ്ടെന്നാണ് പരാതി. അത് തടയാന്‍ നടപടിയെടുക്കും. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവണം.

മുടങ്ങിക്കിടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ അനുവാദം നല്‍കണം. വീട് നിര്‍മാണം അടക്കമുള്ള സ്വകാര്യനിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവുമുണ്ടാവില്ല. 25 ശതമാനത്തില്‍ താഴെ മാത്രമേ അത്തരം പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ആരംഭിച്ചിട്ടുള്ളൂ. അതിഥി തൊഴിലാളികള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി അവരെ തെരുവിലിറക്കുന്നതിനെതിരേ ജാഗ്രതതുടരേണ്ടതുണ്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ സ്വന്തം നാട്ടില്‍ പോവാന്‍ കഴിയാതെ അഴീക്കല്‍ തുറമുഖത്ത് അറുപതോളം അന്തര്‍സംസ്ഥാന മല്‍സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരുടെ സംസ്ഥാനങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ യാത്ര അനുവദിക്കും. സ്വകാര്യ ഓഫിസുകള്‍ നിബന്ധനവച്ച് തുറക്കാന്‍ അനുവദിക്കും.

കണ്ടെയ്ന്‍മെന്റ് സോണില്‍പ്പെടാത്ത സ്ഥലത്ത് നിശ്ചിത എണ്ണം ആളുകളെ വച്ച് തുറക്കാനുള്ള അനുമതി നല്‍കാനാണ് ഉദ്ദേശിക്കുന്നത്. വാഹനങ്ങളുടെ കാര്യത്തില്‍ ഒറ്റ, ഇരട്ട നമ്പരുകള്‍ക്ക് മാറി മാറി അനുമതി നല്‍കാനുള്ള തീരുമാനം ഒഴിവാക്കുകയാണ്. ചെങ്കല്ല് വെട്ടുന്നത് വടക്കന്‍ കേരളത്തിലെ നിര്‍മാണമേഖലയ്ക്ക് അനിവാര്യമാണ്. അതുകൊണ്ട് ചെങ്കല്‍ വെട്ടുന്നതിനുള്ള നിയന്ത്രണം ഒഴിവാക്കുന്നു. സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും പാസ് നിര്‍ബന്ധമാണ്. എന്നാല്‍, അതിനിടയില്‍ വരുന്ന സംസ്ഥാനങ്ങള്‍ പാസ് ചോദിക്കുന്നുവെന്ന പ്രശ്‌നം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് അപ്രായോഗികമാണ്. ഈ പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഐഎസ്ആര്‍ഒയിലെ ജീവനക്കാര്‍ക്ക് സ്ഥാപനത്തിന്റെ ബസ്സുകളില്‍ യാത്രചെയ്യാം. 

Tags:    

Similar News