ലോക്ക് ഡൗണ്‍: ഇന്റര്‍നെറ്റ് സേവനം സൗജന്യമായി ലഭ്യമാക്കണം-കാംപസ് ഫ്രണ്ട്

Update: 2020-03-24 17:06 GMT

കോഴിക്കോട്: കൊവിഡ് 19 വ്യാപനം തടയാന്‍ തീവ്രനിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്നവര്‍ക്കായി ഇന്റര്‍നെറ്റ് സേവനം സൗജന്യമായി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി അജ്മല്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നീങ്ങാന്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സ്ഥാപനങ്ങളുമൊക്കെ നിര്‍ബന്ധിതരാവും. ഇതിനകം പ്രഖ്യാപിച്ച വിവിധ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും ഈ സൗകര്യം ആവശ്യമാണ്. മാത്രമല്ല അധ്യയന വര്‍ഷത്തിന്റെ അവസാനം എന്ന നിലയ്ക്ക് തുടര്‍വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചു അന്വേഷണങ്ങള്‍ക്കും അഡ്മിഷന്‍ പ്രക്രിയകള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം അത്യന്താപേക്ഷിതമാണ്.

    നിലവില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള നിര്‍ബന്ധിതാവധി വിദ്യാര്‍ത്ഥികളുള്‍പ്പെടെ കുടുംബാംഗങ്ങളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദം ചെറുതായിരിക്കില്ല. ദിവസങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനുസരിച്ച് പ്രശ്‌നങ്ങള്‍ ഇരട്ടിക്കുവാനാണ് സാധ്യത. ഇത് മറികടക്കാന്‍ ഒഴിവുസമയത്ത് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കൊണ്ടും മറ്റ് വിനോദ പരിപാടികള്‍ കൊണ്ടുമാണ് സാധിക്കുക. വലിയൊരളവോളം ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തിയുള്ള സംവിധാനങ്ങള്‍ക്കാണ് ഇതിനെ സഹായിക്കാനാവുക എന്നതാണ് വസ്തുത. ഇവയൊക്കെ പരിഗണിച്ച് സര്‍ക്കാര്‍ ഇടപെട്ട് സേവനദാതാക്കളെക്കൊണ്ട് ഇന്റര്‍നെറ്റ് സൗകര്യം മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളണമെന്നും അജ്മല്‍ ആവശ്യപ്പെട്ടു.




Tags: