ലോക്ക് ഡൗണ്‍: പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഭക്ഷണസൗകര്യമൊരുക്കിയെന്ന വാദം കളവ്

നാലായിരത്തോളംവരുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതിനാല്‍ കെട്ടിട ഉടമകളുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ച് സര്‍ക്കാര്‍ തടിയൂരുകയാണെന്നാണ് വ്യക്തമാവുന്നത്. ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്താല്‍ കെട്ടിട ഉടമകള്‍ ഇതിന് വഴങ്ങിയെങ്കിലും പൂര്‍ണതോതില്‍ ഇവര്‍ക്ക് സഹായങ്ങളെത്തിയില്ല.

Update: 2020-03-30 12:05 GMT

കോട്ടയം: പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ക്ക് ക്യാംപുകളില്‍ ഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ്ങളുമൊരുക്കിയിരുന്നുവെന്ന സര്‍ക്കാരിന്റെ വാദങ്ങള്‍ കളവാണെന്ന് വ്യക്തമാവുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ച് പായിപ്പാട് അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അവര്‍ക്ക് ഭക്ഷണത്തിന് സംവിധാനമേര്‍പ്പെടുത്തിയിരുന്നുവെന്ന് സംസ്ഥാന ധനമന്ത്രി അടക്കമുള്ളവര്‍ ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കിയത്. എന്നാല്‍, ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ ഇതുവരെ സര്‍ക്കാര്‍ ഭക്ഷണത്തിനായുള്ള യാതൊരു സംവിധാനവുമേര്‍പ്പെടുത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍നിന്ന് വ്യക്തമാവുന്നത്. തിരുവല്ല നഗരസഭാ കൗണ്‍സിലര്‍ നിസാം പായിപ്പാട് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. ഈമാസം 28ന് ചങ്ങനാശ്ശേരി തഹസില്‍ദാര്‍ പായിപ്പാട് അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരുന്ന കെട്ടിട ഉടമകളുടെ ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ലോക്ക് ഡൗണ്‍ കഴിയുന്നതുവരെ അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം കെട്ടിട ഉടമകള്‍ നല്‍കണമെന്നായിരുന്നു തഹസില്‍ദാറുടെ നിര്‍ദേശം. വാടകയും കറന്റ് ചാര്‍ജും ഇവരില്‍നിന്ന് ഈടാക്കരുതെന്നും ആവശ്യപ്പെട്ടു. കെട്ടിട ഉടമകള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍, സര്‍ക്കാരിന്റെ നിര്‍ദേശമാണെന്നും ഉടമകള്‍ അനുസരിക്കണമെന്നുമാണ് തഹസില്‍ദാര്‍ പറഞ്ഞത്. ഇവര്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്ന കാര്യം ചോദിച്ചെങ്കിലും അതൊക്കെ ഏപ്രില്‍ 14ന് ശേഷം ആലോചിക്കാമെന്നായിരുന്നു പ്രതികരണം. നാലായിരത്തോളംവരുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കേണ്ടതിനാല്‍ കെട്ടിട ഉടമകളുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവച്ച് സര്‍ക്കാര്‍ തടിയൂരുകയാണെന്നാണ് വ്യക്തമാവുന്നത്. ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്താല്‍ കെട്ടിട ഉടമകള്‍ ഇതിന് വഴങ്ങിയെങ്കിലും പൂര്‍ണതോതില്‍ ഇവര്‍ക്ക് സഹായങ്ങളെത്തിയില്ല.

കാരണം തഹസില്‍ദാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്ന കെട്ടിട ഉടമകള്‍ മത്രമാണ്. വന്‍കിട ഉടമകള്‍ പലരും യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണുണ്ടായത്. ദിവസങ്ങള്‍ കഴിഞ്ഞതോടെ അതിഥി തൊഴിലാളികളില്‍ പലരുടെയും കൈയിലുള്ള പണം തീരുകയും ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങിയതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ അഞ്ചുവാര്‍ഡുകളിലായാണ് പതിനായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്. ഇതില്‍ പകുതിയോളംപേര്‍ കൊറോണ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. 

Tags: