മെയ് 11 മുതല്‍ സര്‍വകലാശാല പരീക്ഷകള്‍ നടത്താം; ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കണം

പരീക്ഷയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. പരീക്ഷാ നടത്തിപ്പില്‍ ആരോഗ്യവകുപ്പിന്റെ മാനദണ്ഡം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Update: 2020-04-18 14:34 GMT

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്താന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് സാധ്യത തേടാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം കേന്ദ്രീകൃത മൂല്യനിര്‍ണയമില്ല. പകരം അധ്യാപകര്‍ വീടുകളിലിരുന്ന് മൂല്യനിര്‍ണയം നടത്തണം. ഇത് ഈമാസം 20ന് ആരംഭിക്കണം. കൂടാതെ ഓണ്‍ലൈന്‍ ക്ലാസുകളും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അസൈന്‍മെന്റുകളും നല്‍കാനും നിര്‍ദേശം നല്‍കി.

പരീക്ഷയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കണം. പരീക്ഷാ നടത്തിപ്പില്‍ ആരോഗ്യവകുപ്പിന്റെ മാനദണ്ഡം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഗവേഷക വിദ്യാര്‍ഥികള്‍ക്ക് യൂനിവേഴ്‌സിറ്റി ലൈബ്രറികള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലോടെ ഉപയോഗിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം സമിതി രൂപീകരിച്ചിരുന്നു.

ആസൂത്രണബോര്‍ഡ് അംഗവും മുന്‍ കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബി ഇക്ബാലാണ് സമിതി അധ്യക്ഷന്‍. എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വിസി അജയകുമാര്‍ എന്നിവര്‍ അംഗങ്ങളാണ്. അധ്യയനനഷ്ടവും പരീക്ഷാ നടത്തിപ്പും ക്രമീകരിക്കാനാണ് സമിതി. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആറംഗസമിതിയെ നിയോഗിച്ചത്. 

Tags:    

Similar News