ലോക്ക് ഡൗണ്‍: ക്ഷമാപണമല്ല, പ്രായോഗിക നടപടികളാണ് ആവശ്യം- എസ്ഡിപിഐ

ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യമേര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപനങ്ങള്‍ പലതും നടത്തുന്നുണ്ടെങ്കിലും അവ നടപ്പിലാവുന്നു എന്ന് ഉറപ്പുവരുത്തണം.

Update: 2020-03-29 12:49 GMT

ന്യൂഡല്‍ഹി: ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതെയുള്ള ലോക്ക് ഡൗണ്‍ രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. തൊഴിലാളികളും പാവപ്പെട്ടവരും പെരുവഴിയില്‍ പട്ടിണിമൂലം മരിച്ചുവീഴുന്ന ദയനീയമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷമചോദിച്ചിരിക്കുകയാണ്. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടിന്റെ പൂര്‍ണ ഉത്തരവാദിത്ത്വം പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമാണ്.

ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തരമായി ഒരു പാക്കേജ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യമേര്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപനങ്ങള്‍ പലതും നടത്തുന്നുണ്ടെങ്കിലും അവ നടപ്പിലാവുന്നു എന്ന് ഉറപ്പുവരുത്തണം. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഉപജീവനം വഴിമുട്ടിയതുമൂലം ഡല്‍ഹിയില്‍നിന്നും മധ്യപ്രദേശിലേക്ക് നടക്കുകയായിരുന്ന രണ്‍വീര്‍ സിങ് എന്ന 38 കാരന്‍ വഴിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ഹരിയാനയില്‍ കാല്‍നടയായി വീട്ടിലേക്ക് പോവുകയായിരുന്ന മൂന്ന് തൊഴിലാളികളും രണ്ട് കുട്ടികളും യാത്രാമധ്യേ മരണപ്പെട്ടു.

വീട്ടിലേക്കു പോവുംവഴി ഏഴുതൊഴിലാളികളും 18 മാസം പ്രായമുള്ള കുട്ടിയും ഹൈദരാബാദില്‍വെച്ച് റോഡപകടത്തില്‍ മരണപ്പെട്ടു. ബിഹാറില്‍ 11 വയസുകാരന്‍ പട്ടിണി മൂലം മരിച്ചു. മഹാരാഷ്ട്ര ഗുജറാത്ത് അതിര്‍ത്തിയിലെ ഭില്ലാദില്‍ നിന്ന് തിരിച്ച് വസായിലേക്ക് നടക്കുകയായിരുന്ന നാല് തൊഴിലാളികള്‍ മുംബൈ - ഗുജറാത്ത് ഹൈവേയിലെ വിരാറില്‍ ട്രക്കിടിച്ച് മരിച്ചു. കൊല്‍ക്കത്തയില്‍ ലോക്ക് ഡൗണ്‍ സമയത്ത് പാല്‍ വാങ്ങാന്‍ പോയ 32 കാരന്‍ മരിച്ചു. ഓരോ ദിവസം പിന്നിടുമ്പോഴും ജനജീവിതം കടുത്ത ദുരിതത്തിലേക്കു നീങ്ങുകയാണ്. കൊറോണയേക്കാള്‍ ഭീതിതമായി പട്ടിണി മാറുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തരനടപടിയുണ്ടാവണമെന്നും ഫൈസി ആവശ്യപ്പെട്ടു. 

Tags: