ലൈഫ്‌ മിഷന്‍: വിജിലന്‍സ്‌ ഫയലുകള്‍ കടത്തിയെന്ന് മുല്ലപ്പള്ളി

സിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കുമാണ്‌ നീളുന്നത്‌. അതു മുന്‍കൂട്ടിക്കണ്ടാണ്‌ ഫയലുകള്‍ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലന്‍സ്‌ നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

Update: 2020-09-26 11:30 GMT

തിരുവനന്തപുരം: സിബിഐ അന്വേഷണം ആരംഭിച്ചതിന്‌ പിന്നാലെ ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്നും വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത്‌ മാധ്യമങ്ങളോട്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തെളിവ്‌ നശിപ്പിക്കുന്നതിന്റെ ഭാഗമാണോ വിജിലന്‍സിന്റെ ഈ നടപടിയെന്ന്‌ സംശയിക്കേണ്ടിരിക്കുന്നു. സിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കുമാണ്‌ നീളുന്നത്‌. അതു മുന്‍കൂട്ടിക്കണ്ടാണ്‌ ഫയലുകള്‍ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലന്‍സ്‌ നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്‌ തന്റെ ആവശ്യപ്രകാരം എന്നാണ്‌ മുഖ്യമന്ത്രി തുടക്കം മുതല്‍ പറഞ്ഞത്‌. രണ്ടുദിവസം മുന്‍പ്‌ വരെ കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും അന്വേഷണം ശരിയായ ദിശയിലാണെന്നും പറഞ്ഞ വ്യക്തിയാണ്‌ മുഖ്യമന്ത്രി. തുടര്‍ന്ന്‌ ലൈഫ്‌ മിഷനുമായി ബന്ധപ്പെട്ട്‌ ഏജന്‍സികളുടെ സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയിലേക്കാണ്‌ നീളുന്നത്‌. ഇപ്പോള്‍ മുഖ്യമന്ത്രിക്ക്‌ എന്താണ്‌ പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.

മുഖ്യമന്ത്രിക്ക്‌ അധികാരത്തില്‍ തുടരാന്‍ യോഗ്യത നഷ്ടമായി. ജനങ്ങളെ വെല്ലുവിളിച്ച്‌ അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിന്‌ പകരം എത്രയും വേഗം രാജിവച്ച്‌ ഒഴിയണം. കേരളം ഭരിക്കുന്നത്‌ കൊള്ളസംഘമാണ്‌. കുറ്റവാളികളുടെ തലസ്ഥാനമായി കേരളം മാറി. സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയുടെ തടവറയിലാണ്‌. അവര്‍ക്ക്‌ അദ്ദേഹത്തെ ഭയമാണ്‌.യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ ഇനിയെങ്കിലും പ്രതികരിക്കാന്‍ തയ്യാറാകണം. അല്ലെങ്കില്‍ സിപിഎം അണികള്‍ ജീവന്‍ കൊടുത്തു പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്ന്‌ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിയുടെ ജീര്‍ണ്ണതയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്‌. കേന്ദ്ര ഏജന്‍സികളുടെ താവളമായി തിരുവനന്തപുരം മാറി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ അവിഹിത സമ്പാദ്യവുമായി ബന്ധപ്പെട്ട്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുകയാണ്‌. ഇത്‌ അതീവ ഗൗരവമുള്ള വിഷയമാണ്‌. പുത്ര സ്‌നേഹത്താല്‍ അന്ധനായിരിക്കുകയാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി. മക്കള്‍ നടത്തുന്ന ക്രമക്കേടുകള്‍ മൂടിവയ്‌ക്കാനും അവരെ സംരക്ഷിക്കാനുമാണ്‌ ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags: