കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് പുലിയിറങ്ങിയെന്ന്; പ്രചാരണം വ്യാജമെന്ന് പോലിസ്

സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ സഹിതമാണ് പുലിയിറങ്ങിയെന്നും ഒരാളെ ആക്രമിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. പുലിയുടെ ആക്രമണത്തില്‍ ദേഹമാസകലം പരിക്കേറ്റ ഒരാളുടെ ചിത്രവും പുലിയെ ഭയന്ന് മരത്തിന് മുകളില്‍ കയറിയിരിക്കുന്ന ആളുകളുടെ ചിത്രവും ഉള്‍പ്പടെയാണ് വാട്‌സ് ആപ്പുകള്‍വഴി പ്രചരിച്ചത്.

Update: 2019-09-23 15:42 GMT
കൊയിലാണ്ടിയില്‍ പുലിയിറങ്ങിയെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രങ്ങള്‍

കോഴിക്കോട്: കൊയിലാണ്ടിയില്‍ റെയില്‍വെ സ്റ്റേഷന് സമീപം പുലിയിറങ്ങിയെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം. എന്നാല്‍, പ്രചാരണം വ്യാജമാണെന്നും ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും കൊയിലാണ്ടി പോലിസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ സഹിതമാണ് പുലിയിറങ്ങിയെന്നും ഒരാളെ ആക്രമിച്ചുവെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. പുലിയുടെ ആക്രമണത്തില്‍ ദേഹമാസകലം പരിക്കേറ്റ ഒരാളുടെ ചിത്രവും പുലിയെ ഭയന്ന് മരത്തിന് മുകളില്‍ കയറിയിരിക്കുന്ന ആളുകളുടെ ചിത്രവും ഉള്‍പ്പടെയാണ് വാട്‌സ് ആപ്പുകള്‍വഴി പ്രചരിച്ചത്.

സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. പോലിസ് സ്റ്റേഷനിലും മാധ്യമ ഓഫിസുകളിലുമൊക്കെ നിജസ്ഥിതി അറിയാന്‍ നിരവധിപേരാണ് ബന്ധപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍, തങ്ങളുടെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും പ്രചരിക്കുന്നത് മറ്റെവിടെയോ നടന്ന സംഭവത്തിന്റെ ചിത്രങ്ങളാണെന്നും കൊയിലാണ്ടി എസ്‌ഐ പറയുന്നു. കൊയിലാണ്ടിയില്‍ പുലി ഇറങ്ങിയതായി കഴിഞ്ഞവര്‍ഷം ഡിസംബറിലും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്നും വിശ്വസനീയതയ്ക്കുവേണ്ടി മോര്‍ഫ് ചെയ്ത പുലിയുടെ ചിത്രവും ഒപ്പം ചേര്‍ത്തിരുന്നു. കഴിഞ്ഞവര്‍ഷം പ്രചരിച്ച ചിത്രങ്ങള്‍തന്നെയാണ് ഇത്തവണയും ഉപയോഗിച്ചിരിക്കുന്നത്.  

Tags:    

Similar News