ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍; സാമ്പത്തികവശം പരിശോധിക്കുന്നു

സാമ്പത്തികവശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നാളെ യോഗം ചേരും. ആഭ്യന്തര സെക്രട്ടറി, ഡിജിപി, പൊതുഭരണ സെക്രട്ടറി, വ്യോമായാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്നിവരും പങ്കെടുക്കും.

Update: 2019-03-20 07:23 GMT

തിരുവനന്തപുരം: സ്വന്തമായി ഹെലികോപ്റ്റര്‍ ഇല്ലാത്തതിന്റെ പേരുദോഷം ഒഴിവാക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ നീക്കം. അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതിന് ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗപ്പെടുത്തണമെന്ന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിന്റെ സാമ്പത്തികവശം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ നാളെ യോഗം ചേരും. ആഭ്യന്തര സെക്രട്ടറി, ഡിജിപി, പൊതുഭരണ സെക്രട്ടറി, വ്യോമായാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്നിവരും പങ്കെടുക്കും. കരാര്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയാവും ചര്‍ച്ച ചെയ്യുക.

മാവോവാദി വിരുദ്ധപോരാട്ടത്തിനും പ്രകൃതിക്ഷോഭങ്ങളും ഉണ്ടാവുമ്പോള്‍ അടിയന്തര സേനവങ്ങളെത്തിക്കാനും ഹെലികോപ്റ്റര്‍ വാടക്കോടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്ന് ഡിജിപിയുടെ നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. പ്രളയം വന്നപ്പോള്‍ ഈ ചര്‍ച്ച വീണ്ടും സജീവമായതോടെ ചിപ്‌സണ്‍, പവന്‍ഹാസന്‍സ് കോര്‍പറേഷന്‍ എന്നീ കമ്പനികള്‍ ആഭ്യന്തരവകുപ്പിനെ സമീപിച്ചു. ഇവരുടെ വാടകനിരക്ക് കൂടുതലായതിനാല്‍ ടെണ്ടര്‍ വിളിക്കണമെന്ന നിലപാടാണ് ആഭ്യന്തരവകുപ്പ് സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സാമ്പത്തിക വശം പരിശോധിക്കാന്‍ ചീഫ്‌സെക്രട്ടറി തലത്തില്‍ യോഗം ചേരുന്നത്.

തീരുമാനം നടപ്പിലായാല്‍ സംസ്ഥാനം പ്രതിമാസം നിശ്ചിതതുക വാടക നല്‍കണം. എപ്പോള്‍ ആവശ്യപ്പെട്ടാലും കരാര്‍ പ്രകാരമുളള മണിക്കൂറുകള്‍ ഹെലികോപ്റ്റര്‍ പറത്താന്‍ കമ്പനികള്‍ തയ്യാറാവണമെന്നാവും വ്യവസ്ഥ. പോലിസിന് ആവശ്യമില്ലാത്ത സമയങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകള്‍ക്കും ഹെലികോപ്റ്റര്‍ ഉപയോഗിക്കും. അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ വന്‍തുക ചിലവഴിച്ച് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള നീക്കം വിവാദമാവാനും സാധ്യതയേറെയാണ്.

Tags:    

Similar News